ദസറ റാലി: നടുറോഡില്‍ ഏറ്റുമുട്ടി ഉദ്ധവ് താക്കറെ- ഷിന്‍ഡെ അനുകൂലികള്‍

മുംബൈ: ഉദ്ധവ് താക്കറെയുടേയും മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയുടേയും അനുയായികള്‍ നടുറോഡില്‍ ഏറ്റുമുട്ടി. മുംബൈയില്‍ ദസറ റാലികള്‍ക്ക് മുന്നോടിയായായിരുന്നു ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍. 56 വര്‍ഷം മുമ്ബ് ശിവസേന ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് പാര്‍ട്ടിയുടെ എതിരാളികള്‍ ബുധനാഴ്ച മുംബൈയില്‍ രണ്ട് ദസറ റാലികള്‍ സംഘടിപ്പിച്ചത്.
നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് റാലിയില്‍ പങ്കെടുക്കാന്‍ ഉദ്ധവിന്‍റെ വനിതാ അനുഭാവികള്‍ക്ക് നേരെ അധിക്ഷേപകരമായ ആംഗ്യങ്ങള്‍ കാണിച്ചെന്നാരോപിച്ചായിരുന്നു സംഘര്‍ഷങ്ങള്‍ക്ക് തുടക്കമെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. നാസിക്-ആഗ്ര ഹൈവേയിലാണ് ഏറ്റുമുട്ടലുണ്ടായത്.
ഇവര്‍ സഞ്ചരിച്ചിരുന്ന ബസിനെ മറികടക്കുന്നതിനിടെ ഷിന്‍ഡെ ഗ്രൂപ്പ് അനുകൂലികള്‍ അധിക്ഷേപകരമായ ആംഗ്യങ്ങള്‍ കാണിച്ചെന്ന് ഇവര്‍ ആരോപിച്ചു. തുടര്‍ന്ന് ഉദ്ധവ് വിഭാഗം അനുയായികള്‍ ഷിന്‍ഡെ ഗ്രൂപ്പ് അനുയായികളെ മര്‍ദിക്കുകയായിരുന്നു.
ഉദ്ധവ് താക്കറെ വിഭാഗം 1966-ല്‍ ശിവസേനയുടെ തുടക്കം മുതല്‍ സെന്‍ട്രല്‍ മുംബൈയിലെ ദാദറിലെ ചരിത്രപ്രസിദ്ധമായ ശിവാജി പാര്‍ക്കില്‍ റാലി നടത്തുമ്ബോള്‍, ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിമത സംഘം ബാന്ദ്രയിലെ എംഎംആര്‍ഡിഎ ഗ്രൗണ്ടിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ശിവാജി പാര്‍ക്കില്‍ ദസറ റാലി നടത്താനുള്ള അനുമതി താക്കറെ വിഭാഗത്തിന് ലഭിച്ചത്. ഇരുവിഭാഗവും ഒന്നിച്ച് നടത്തിയാല്‍ ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റാലിക്ക് കോര്‍പ്പറേഷന്‍ അനുമതി നിഷേധിച്ചത്.
മുംബൈ ബികെസി ഗ്രൗണ്ടില്‍ നടന്ന ദസറ റാലിയില്‍ ഉദ്ധവ് താക്കറെയുടെ മൂത്ത സഹോദരന്‍ ജയ്ദേവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയ്‌ക്കൊപ്പം വേദി പങ്കിട്ടു. സെന്‍ട്രല്‍ മുംബൈയിലെ ദാദറിലെ ശിവാജി പാര്‍ക്കിലാണ് ഉദ്ധവ് താക്കറെയുടെ ശിവസേന വിഭാഗം റാലി നടത്തിയത്. സ്വന്തം സഹോദരന്‍ എതിര്‍ക്യാമ്ബിലേക്ക് പോയത് ഉദ്ധവ് താക്കറെക്കേറ്റ വലിയ തിരിച്ചടിയായിരുന്നു. കഴിഞ്ഞ ജൂണിലാണ് മഹാവികാസ് അഘാഡി സഖ്യത്തെ അട്ടിമറിച്ച് ശിവസേനയിലെ വിമത പക്ഷം ബിജെപിക്കൊപ്പം ചേര്‍ന്ന് ഭരണം പിടിച്ചത്.

