മുംബൈയില്‍ വീണ്ടും ലഹരി വേട്ട; 120 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു

മുംബൈ: മുംബൈയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. 120 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് ആണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പിടിച്ചെടുത്തത്. കേസില്‍ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം എറണാകുളം സ്വദേശി അറസ്റ്റിലായ കേസില്‍ ഗുജറാത്ത് സ്വദേശിയെ കേന്ദ്രീകരിച്ച് ആണ് അന്വഷണം പുരോഗമിക്കുന്നത്.
ഗോഡൗണില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു എംഡി എന്നറിയപ്പെടുന്ന 60 കിലോ മയക്കുമരുന്ന്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നടത്തിയ അന്വേഷണത്തില്‍ മുഖ്യ സൂത്രധാരന്‍ ഉള്‍പ്പടെ 6 പേരാണ് പിടിയിലായത്. ഇതില്‍ പിടിയിലായ മുംബൈ സ്വദേശിയും കടത്തല്‍ സംഘത്തിലെ പ്രധാനിയുമായ പ്രതി മുന്‍ എയര്‍ ഇന്ത്യ പൈലറ്റ് ആയിരുന്നു എന്ന് അന്വേഷണ സംഘം അറിയിച്ചു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ മറ്റിടങ്ങളില്‍ നിന്ന് ബാക്കി 5 പ്രതികളെയും അന്വേഷണ സംഘം പിടികൂടിയത്. അതേസമയം മലയാളിയായ വിജിന്‍ വര്‍ഗീസ് അറസ്റ്റിലായ മയക്കുമരുന്ന് കേസില്‍ ഗുജറാത്ത് സ്വദേശിയെ കേന്ദ്രീകരിച്ച് ആണ് ഡി.ആര്‍.ഐ അന്വേഷണം പുരോഗമിക്കുന്നത്.
ഇന്ത്യയിലേക്ക് അയച്ച കണ്ടെയ്നറില്‍ മയക്ക് മരുന്ന് വെച്ചത് താന്‍ തന്നെ ആണെന്ന് ദക്ഷിണാഫ്രക്കന്‍ പൊലീസിന് ഗുജറാത്ത് സ്വദേശിയായ അമൃത് പട്ടേല്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. അമൃത് പട്ടേല്‍ ആണ് മോര്‍ ഫ്രഷ് എന്ന സ്ഥാപനത്തിന്‍റെ കണ്ടെയ്നറില്‍ ലഹരി മരുന്ന് കടത്തിയത് എന്ന് കേസില്‍ ഉള്‍പ്പെട്ട മറ്റൊരു മലയാളിയായ മന്‍സൂര്‍ തച്ചപ്പറമ്ബില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

