KSDLIVENEWS

Real news for everyone

ദുരൂഹത നീങ്ങാത്ത വിമാനം അപ്രത്യക്ഷമാകല്‍; MH370 മനപ്പൂര്‍വം കടലിലേക്ക് ഇടിച്ചിറക്കിയതോ

SHARE THIS ON

ക്വലാലംപുര്‍: എട്ട് വര്‍ഷം മുമ്പ് കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ MH370 ജെറ്റ് വിമാനം സമുദ്രത്തില്‍ ഇടിച്ചിറക്കുകയായിരുന്നുവെന്ന നിഗമനവുമായി വിദഗ്ധര്‍. 25 ദിവസം മുമ്പ് മഡഗാസ്‌കറിലെ മത്സ്യത്തൊഴിലാളിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ വിമാനാവശിഷ്ടത്തിന്റെ ശാസ്ത്രീയപരിശോധനയ്ക്ക് ശേഷമാണ് ഇത്തരമൊരു അഭിപ്രായം വിദഗ്ധരുടെ ഭാഗത്ത് നിന്നുണ്ടായത്. വിമാനം മനപ്പൂര്‍വം നശിപ്പിക്കുകയായിരുന്നുവെന്ന് സ്ഥിരീകരിക്കുന്ന ആദ്യ തെളിവാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. ബ്രിട്ടീഷ് എന്‍ജിനീയര്‍ റിച്ചാര്‍ഡ് ഗോഡ്‌ഫ്രേ, NH370 റെക്കേജ് ഹണ്ടറും (വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ തിരയുന്ന വ്യക്തി) അമേരിക്കക്കാരനുമായ ബ്ലെയിന്‍ ഗിബ്‌സണ്‍ എന്നിവരാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളത്.

2014 മാര്‍ച്ച് എട്ടിനാണ് 239 യാത്രക്കാരുമായി വിമാനം അപ്രത്യക്ഷമായത്. വിമാനത്തെക്കുറിച്ചോ വിമാനത്തില്‍ യാത്ര ചെയ്തിരുന്നവരെക്കുറിച്ചോ യാതൊരു വിവരവും ലഭിച്ചിരുന്നില്ല. വിമാനത്തിന്റെ അപ്രത്യക്ഷമാകലുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളും സിദ്ധാന്തങ്ങളും ഉയര്‍ന്നുവരികയും ചെയ്തിരുന്നു. 2017-ല്‍ ഫെര്‍ണാണ്ടോ കൊടുങ്കാറ്റിന് പിന്നാലെ മഡഗാസ്‌കര്‍ തീരത്തടിഞ്ഞ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ ഡോര്‍ എന്നിവ റ്റാറ്റാലി എന്ന മത്സ്യത്തൊഴിലാളി അതിന്റെ പ്രാധാന്യമറിയാതെ തന്റെ വീട്ടില്‍ സൂക്ഷിച്ചുവരികയായിരുന്നു. റ്റാറ്റാലിയുടെ ഭാര്യ വസ്ത്രമലക്കുന്നതിനുള്ള വാഷിങ് ബോര്‍ഡായാണ് ഇവ ഉപയോഗിച്ചു വന്നത്.


കടലില്‍ ഇടിച്ചിറങ്ങുന്നതോടെ പൂര്‍ണമായും ചിന്നഭിന്നമാകുമെന്ന് ഉറപ്പാക്കുന്നതിനായി പൈലറ്റിന്റെ ഭാഗത്തുനിന്ന് ശ്രമമുണ്ടായെന്നാണ് വിദഗ്ധരുടെ അനുമാനം. വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍, ഡോറിന്റെ ഭാഗങ്ങള്‍ എന്നിവയില്‍ ഉണ്ടായിരിക്കുന്ന പൊട്ടലുകളും പോറലുകളും ഉള്‍പ്പെടെയുള്ളവയില്‍നിന്നാണ് ഇതുസംബന്ധിച്ച സൂചന ലഭിക്കുന്നത് എന്ന് ബ്രിട്ടീഷ് എന്‍ജിനീയര്‍ റിച്ചാര്‍ഡ് ഗോഡ്ഫ്രേ പറഞ്ഞതായി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു.

ഡോറിന് മുകളില്‍ കാണപ്പെടുന്ന നാല് അര്‍ധ സമാന്തര പിളര്‍പ്പുകള്‍ വിമാനത്തിന്റെ രണ്ട് എന്‍ജിനുകളില്‍ ഒരെണ്ണം തകര്‍ന്നതിന്റെ ഫലമായുണ്ടായതാണ് എന്ന അനുമാനമാണ് വിമാനം ഇടിച്ചിറക്കിയതാണെന്ന നിഗമനത്തില്‍ വിദഗ്ധരെ എത്തിച്ചിരിക്കുന്നത്. വിമാനത്തെ പൂര്‍ണമായും പിളര്‍ക്കാനുതകുന്ന വിധത്തിലും വിമാനം വൈകാതെ മുങ്ങുന്ന വിധത്തിലുമുള്ള വിമാനത്തിന്റെ ലാന്‍ഡിങ് ഇക്കാര്യം സ്ഥിരീകരിക്കുന്നതായും ഗോഡ്‌ഫ്രേയും ഗിബ്‌സണും പറയുന്നു. വെള്ളത്തിലെ അടിയന്തര ലാന്‍ഡിങ്ങിന്റെ സാഹചര്യത്തില്‍ ലാന്‍ഡിങ് ഗിയര്‍ താഴ്ത്താറില്ലെന്നും അങ്ങനെ ചെയ്യുന്നത് വിമാനം പല കഷണങ്ങളായി നുറുങ്ങുന്നതിനും വിമാനം വേഗത്തില്‍ മുങ്ങിത്താഴുന്നതിനും ഇടയാക്കും. ഇത് ഏതെങ്കിലും വിധത്തിലുള്ള യാത്രക്കാരുടെ രക്ഷപ്പെടല്‍ തടസപ്പെടുത്തുമെന്നും വിദഗ്ധര്‍ പറയുന്നു.

മലേഷ്യയിലെ ക്വലാലംപുരില്‍ നിന്ന് ബെയ്ജിങ്ങിലേക്കുള്ള യാത്രക്കിടെയാണ് MH370 അപ്രത്യക്ഷമായത്. 227 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും മരിച്ചതായാണ് കരുതപ്പെടുന്നത്. 227 യാത്രക്കാരില്‍ 153 പേര്‍ ചൈനീസ് പൗരന്‍മാരായിരുന്നു. മലേഷ്യന്‍ പൈലറ്റായ സഹരി ഷാ ആയിരുന്നു അപകടസമയത്ത് വിമാനം നിയന്ത്രിച്ചിരുന്നത്. ഷാ മനഃപൂര്‍വം വിമാനം അപകടത്തില്‍പ്പെടുത്തുകയായിരുന്നു എന്ന ആരോപണം ആദ്യം തന്നെ ഉയര്‍ന്നെങ്കിലും ഷായുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അത് നിഷേധിച്ചിരുന്നു. പറന്നുയര്‍ന്ന് 38-മത്തെ മിനിറ്റിലാണ് വിമാനവുമായി ഉണ്ടായ അവസാനത്തെ ആശയവിനിമയം. ആ സമയത്ത് ദക്ഷിണ ചൈനാക്കടലിന്റെ ഭാഗത്തായിരുന്നു വിമാനം. പിന്നീട് വിമാനവുമായുള്ള സമ്പര്‍ക്കം നഷ്ടമായി.

വ്യോമയാന ചരിത്രത്തില്‍ ഏറ്റവും ചെലവേറിയ തിരച്ചില്‍ സംരംഭമായിരുന്നു MH370യുടേത്. 2015 ലും 16 ലും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തീരങ്ങളില്‍ നിന്ന് ലഭിച്ച വിമാനാവശിഷ്ടങ്ങള്‍ MH370യുടേതാണെന്ന് സ്ഥിരീകരിച്ചിരുന്നു. വിമാനം കാണാതായതിനെ കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ ഉണ്ടായെങ്കിലും ഒന്നിനും തെളിവുകളോ സ്ഥിരീകരണമോ ഉണ്ടായില്ല. വിമാനത്തിന്റെ അപ്രത്യക്ഷമാകലുമായി ബന്ധപ്പെട്ട് മലേഷ്യന്‍ ഭരണകൂടം രൂക്ഷവിമര്‍ശനം നേരിടേണ്ടതായും വന്നു. MH370യുമായി ബന്ധപ്പെട്ട് ഡോക്യുമെന്ററികളും നോവലുകളും പുറത്തുവന്നിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!