KSDLIVENEWS

Real news for everyone

അറബ് ലോകത്തിന് ഇത് സന്തോഷത്തിന്റെ ദിനം; ചാന്ദ്രദൗത്യമായ റാഷിദ് റോവറില്‍ നിന്ന് ആദ്യ സന്ദേശം ലഭിച്ചതായി ദുബൈ ഭരണാധികാരി

SHARE THIS ON

ദുബായ്: അറബ് ലോകത്തിന്റെ ആദ്യ ചാന്ദ്രദൗത്യമായ റാഷിദ് റോവറില്‍ നിന്ന് സന്ദേശം ലഭിച്ചതായി റിപ്പോര്‍ട്ട്. യു എ ഇ വെെസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഈ വിവരം പങ്കുവച്ചത്. ‘ ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 440,000 കിലോമീറ്റര്‍ അകലെ നിന്ന്, റാഷിദ് റോവര്‍ ബഹിരാകാശ കേന്ദ്രമായ അല്‍ ഖവാനീജിലേയ്ക്ക് ആദ്യ സന്ദേശം അയച്ചു’ എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കൂടാതെ റാഷിദ് റോവറിന്റെ എല്ലാ ഉപകരണങ്ങളും ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും വരും മാസങ്ങളില്‍ അത് ലാന്‍ഡിംഗിനുള്ള തയ്യാറെടുപ്പിനായി ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കാന്‍ തുടങ്ങുമെന്നും ദുബായ് ഭരണാധികാരി അറിയിച്ചു.


മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററിലെ ഗവേഷകര്‍ നിര്‍മ്മിച്ച ‘റാഷിദ് ” എന്ന റോവറിനെ ചന്ദ്രനിലിറക്കാനാണ് പദ്ധതി. ചന്ദ്രന്റെ വടക്ക് ഭാഗത്തുള്ള അറ്റ്‌ലസ് ഗര്‍ത്തത്തിലാണ് റാഷിദ് റോവര്‍ ഇറക്കാന്‍ ഉദ്ദേശിക്കുന്നത്. 2023 ഏപ്രിലോടെ നാല് വീലുകളും 10 കിലോ ഭാരവുമുള്ള റോവര്‍ ചന്ദ്രനിലിറങ്ങും. ദൗത്യം വിജയിച്ചാല്‍ ചന്ദ്രോപരിതലത്തില്‍ റോവര്‍ ഇറക്കുന്ന നാലാമത്തെ രാജ്യമാകും യു.എ.ഇ. യു.എസ്, റഷ്യ, ചൈന എന്നിവരാണ് ഇതുവരെ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

ദുബായ് മുന്‍ ഭരണാധികാരി ഷെയ്ഖ് റാഷിദ് ബിന്‍ സായിദ് അല്‍ മക്തുമിന്റെ പേരാണ് റോവറിന് നല്‍കിയിരിക്കുന്നത്. ചന്ദ്രനിലെ മണ്ണിന്റെ സ്വഭാവം, ശിലകള്‍, പൊടി, ചന്ദ്രന്റെ ഫോട്ടോ ഇലക്‌ട്രോണ്‍ കവചം തുടങ്ങിയ റാഷിദ് റോവര്‍ പഠന വിധേയമാക്കും. രണ്ട് ഹൈ റെസലൂഷന്‍ കാമറകളും ഒരു മൈക്രോസ്കോപ്പിക് കാമറയും തെര്‍മല്‍ ഇമേജിംഗ് കാമറയും റാഷിദില്‍ ഘടിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!