തമ്മില്തെറ്റിച്ച് ദേശീയപാതാ വികസനം മുടക്കാമെന്ന് ആരും മനപ്പായസം ഉണ്ണണ്ട- മുഖ്യമന്ത്രി

തിരുവനന്തപുരം: ദേശീയപാതാ വികസനത്തില്‍ പരസ്പരം പുകഴ്ത്തി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പുമന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും. കഴക്കൂട്ടം ആകാശപാതയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് മുഖ്യമന്ത്രിയുടെയും കേന്ദ്രമന്ത്രിയുടെയും പ്രതികരണം. ഗഡ്കരിയുടെ പ്രസ്താവന മാധ്യമങ്ങള്‍ തെറ്റായി പ്രചരിപ്പിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ റോഡു വികസനത്തിന് വ്യക്തിപരമായി താത്പര്യമെടുക്കുന്ന ഗഡ്കരിയ്ക്ക് നന്ദിയറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെറ്റിദ്ധാരണ പടര്‍ത്തിയതോടെ കേന്ദ്രവുമായി ശത്രുതയിലാകുമെന്നും കേരളത്തിലെ ദേശീയപാതാ പ്രശ്നത്തിലാകുമെന്നും പലരും കരുതി. തമ്മില്‍ തെറ്റിച്ച് ദേശീയപാതാവികസനം മുടക്കാമെന്ന് ആരും മനപ്പായസം ഉണ്ണണ്ട- എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ദേശീയപാത വികസനം അജണ്ടയായി ഏറ്റെടുത്ത് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം പ്രശ്നങ്ങളുണ്ടെങ്കില്‍ ഒരുമിച്ചിരുന്നു പരിഹരിക്കുമെന്ന് നിതിന്‍ ഗഡ്കരിയും അഭിപ്രായപ്പെട്ടു. റോഡു വികസനത്തിന് പണം നല്‍കാനുള്ള പ്രശ്നം മുഖ്യമന്ത്രിയെ അറിയിച്ചുവെന്നും കേരളത്തിലെ റോഡുകളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചുവെന്നും ഗഡ്കരി പറഞ്ഞു. കേരളത്തില്‍ റോഡു വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. 2025 ഓടെ കേരളത്തിന്റെ മുഖഛായ മാറ്റുമെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു ദേശീയപാതാ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കലിന് വേണ്ടി വരുന്ന ചിലവിന്റെ 25 ശതമാനം വഹിക്കാമെന്ന ഉറപ്പില്‍നിന്ന് കേരളം പിന്നാക്കം പോയെന്ന് ഗഡ്കരി ലോക്സഭയില്‍ പറഞ്ഞിരുന്നു. രാജ്യത്തെ ദേശീയപാതാ വികസനം സംബന്ധിച്ച വെല്ലുവിളികളെ കുറിച്ച് വിശദീകരിക്കവേയാണ് കേരളത്തിലെ സ്ഥിതിയെ കുറിച്ച് ഗഡ്കരി പറഞ്ഞത്.

