KSDLIVENEWS

Real news for everyone

‘എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്സും ബിജെപിയും ഒറ്റക്കെട്ട്’; വികസനം വരരുതെന്ന നിലപാടാണ് ഇരുവര്‍ക്കുമെന്ന് മുഖ്യമന്ത്രി

SHARE THIS ON

തൃശൂര്‍: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മതാടിസ്ഥാനത്തിലല്ല നമ്മുടെ പൗരത്വം. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പറയുന്നു മതാടിസ്ഥാനത്തിലാവണം എന്ന്. രാജ്യത്തെ ജനങ്ങളുടെ ഐക്യം തകര്‍ക്കലാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഖിലേന്ത്യാ കിസാന്‍ സഭ സമാപന സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

വിവാഹബന്ധം വേര്‍പിരിക്കുന്നത് സിവിലായാണ് കൈകാര്യം ചെയ്യുന്നത്. എന്നാല്‍ മുസ്ലീമിന്റേതായാലത് ക്രിമിനലായി വേണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്തും മാറ്റിമറിക്കാമെന്ന അവസ്ഥ അനുവദിക്കാനാവില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് നിലപാടില്‍ വ്യക്തതയില്ല. ബിജെപി നിലപാടിനെ പാര്‍ലമെന്റില്‍ തുറന്നു കാട്ടാന്‍ കഴിയുന്നില്ലേ എന്നതാണ് രാജ്യമാകെ ഉയരുന്ന ചോദ്യം. വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുമ്ബോള്‍ കോണ്ഗ്രസ് അംഗങ്ങള്‍ സഭയില്‍ ഇല്ലായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോണ്ഗ്രസിനെ സംസ്ഥാനത്ത് നയിക്കുന്ന നേതാവ് വര്‍ഗീയതയോട് സമരസപ്പെടുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആര്‍എസ്‌എസ് ശാഖക്ക് സംരക്ഷണം നല്‍കിയിരുന്നു എന്ന് പറയുന്നയാളാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍. വേണമെങ്കില്‍ താന്‍ ബിജെപിയാകുമെന്നും അദ്ദേഹം പറയുന്നു. ഇതെല്ലാം വര്‍ഗീയതയോട് സമരസപ്പെടുന്ന നിലപാടാണ്. വര്‍ഗീയതയെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ത്ത് വേണം മതനിരപേക്ഷതയെ സംരക്ഷിക്കാന്‍. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട് രാജ്യത്തിന്റെ നില ഉള്‍ക്കൊള്ളുന്നതല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്സും ബിജെപിയും ഒറ്റക്കെട്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികസനം വരരുത് എന്നാണ് അവരുടെ നിലപാട്. ബിജെപി കേന്ദ്രഭരണ കക്ഷി ആയതിനാല്‍ ആ സ്വാധീനം ഉപയോഗിക്കുന്നു. പലവിഷയങ്ങളിലും രാഷ്ട്രീയ ഇടപെടല്‍ വരികയാണ്. രാജ്യവികസനത്തിന് കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. എന്നാല്‍ ഫെഡറല്‍ തത്വങ്ങള്‍ കേന്ദ്രത്തിന് വാചകത്തില്‍ മാത്രമാണെന്നും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന സംസ്ഥാന സര്‍ക്കാരിനെ സാമ്ബത്തികമായി ഞെരുക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Story highlights: Pinarayi Vijayan criticized BJP and Congress

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!