അര്‍ജന്‍റീനയ്ക്ക് ലഭിക്കുന്നത് 347 കോടി; ഫ്രാന്‍സിന് 248 കോടി

ദോഹ: ലോകകിരീടം നേടി ഫുട്ബോള്‍ ചരിത്രത്തില്‍ മൂന്നാം വട്ടം സ്വന്തം നാടിന്റെ പേര് അടയാളപ്പെടുത്തിയ ലോകകപ്പ് ജേതാക്കളായ അര്‍ജന്‍റീനയ്ക്ക് ലഭിക്കുന്നത് വമ്ബന്‍ തുക. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, 42 മില്യണ്‍ ഡോളറാ (347 കോടി രൂപ)ണ് മെസ്സിപ്പടക്ക് നാട്ടിലേക്ക് കൊണ്ടുപോകാനാകുക. റണ്ണറപ്പായ ഫ്രാന്‍സിന് 30 മില്യണ്‍ ഡോളര്‍ (248 കോടി രൂപ) ലഭിക്കും. മൂന്നാം സ്ഥാനത്തെത്തിയ ക്രൊയേഷ്യക്ക് 27 മില്യണ്‍ ഡോളറും (239 കോടി രൂപ) നാലാം സ്ഥാനത്തെത്തിയ മൊറോക്കോക്ക് 25 മില്യണ്‍ ഡോളറും (206 കോടി രൂപ) സമ്മാനത്തുകയുണ്ട്.
ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ ബ്രസീല്‍, നെതര്‍ലന്‍ഡ്‌സ്, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ 17 മില്യണ്‍ ഡോളറുമായാണ് തിരിച്ചുപോയത്. അതേസമയം, യുഎസ്‌എ, സെനഗല്‍, ഓസ്‌ട്രേലിയ, പോളണ്ട്, സ്‌പെയിന്‍, ജപ്പാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ദക്ഷിണ കൊറിയ തുടങ്ങിയ 16 റൗണ്ട് ടീമുകള്‍ക്ക് 13 മില്യണ്‍ ഡോളര്‍ വീതം ലഭിച്ചു.
ഖത്തര്‍, ഇക്വഡോര്‍, വെയില്‍സ്, ഇറാന്‍, മെക്സിക്കോ, സൗദി അറേബ്യ, ഡെന്‍മാര്‍ക്ക്, ടുണീഷ്യ, കാനഡ, ബെല്‍ജിയം, ജര്‍മ്മനി, കോസ്റ്ററിക്ക, സെര്‍ബിയ, കാമറൂണ്‍, ഘാന, ഉറുഗ്വേ എന്നിങ്ങനെ ഗ്രൂപ്പ് ഘട്ടങ്ങളില്‍ വീണുപോയവര്‍ക്കും നിരാശരാകേണ്ടി വന്നില്ല. 9 മില്യണ്‍ ഡോളര്‍ വീതം സമ്മാനമായി ലഭിച്ചു.
കിലിയന്‍ എംബാപ്പെ ഹാട്രിക്കും ലയണല്‍ മെസി ഇരട്ടഗോളും നേടി മുന്നില്‍ നിന്ന് നയിച്ചതോടെ മരണക്കളിയായ ഫൈനലില്‍ അര്‍ജന്‍റന വിജയം നേടുകയായിരുന്നു. ആദ്യ ഇരുപകുതികളിലും അധികസമയത്തുമായി 3-3 സമനിലയില്‍ പിരിഞ്ഞ ശേഷം പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് മെസ്സിപ്പട കിരീടം നേടിയത്. ഷൂട്ടൗട്ടില്‍ നാലു അര്‍ജന്‍റീനന്‍ താരങ്ങള്‍ ഗോളടിച്ചപ്പോള്‍ ഫ്രഞ്ച് പടയില്‍ രണ്ടുപേര്‍ക്ക് മാത്രമാണ് ലക്ഷ്യം കാണാനായത്. ഗോണ്‍സാലോ മോണ്ടിയേല്‍, ലിയനാര്‍ഡോ പരേഡെസ്, പൗലോ ഡിബാലാ, ലയണല്‍ മെസി എന്നിവരാണ് നീലപ്പടക്കായി ഗോളടിച്ചത്. ഫ്രാന്‍സ് നിരയില്‍ രണ്ടല്‍ കോലോ മുവാനിയും എംബാപ്പെയും ലക്ഷ്യം കണ്ടു. എന്നാല്‍ ഷുവാമെനിയും കൂമാനും അവസരം നഷ്ടപ്പെടുത്തി. ഷൂട്ടൗട്ടില്‍ കൂമാന്റെ കിക്ക് മാര്‍ട്ടിനെസ് തടുത്തപ്പോള്‍ ഷുവാമെനി പുറത്തേക്കടിച്ചു. ഇതോടെ 60 വര്‍ഷത്തിന് ശേഷം ലോകകപ്പില്‍ തുടര്‍ കിരീടമെന്ന് ഫ്രാന്‍സിന്റെ സ്വപ്‌നം പൊലിഞ്ഞു.
ടൂര്‍ണമെന്‍റിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ ലയണല്‍ മെസി നേടി. എന്നാല്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് അവാര്‍ഡ് കിലിയന്‍ എംബാപ്പെക്കാണ് ലഭിച്ചത്. ഫൈനലിലെ ഹാട്രിക്കടക്കം എട്ട് ഗോളാണ് താരം നേടിയത്. എന്നാല്‍ ഏഴു ഗോളാണ് അര്‍ജന്‍റീനന്‍ നായകന്‍ അടിച്ചത്. എന്‍സോ ഫെര്‍ണാണ്ടസാണ് ലോകകപ്പിലെ മികച്ച യുവതാരം. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ അര്‍ജന്‍റീനയുടെ വല കാത്ത എമിലിയാനോ മാര്‍ട്ടിനെസിനാണ്.
ആദ്യ പകുതി മുതല്‍ രണ്ടു ഗോളുമായി മുന്നിട്ടു നിന്ന അര്‍ജന്‍റീനക്കെതിരെ എംബാപ്പെയിലൂടെ ഫ്രാന്‍സ് തിരിച്ചുവരികയായിരുന്നു. എയ്ഞ്ചല്‍ ഡി മരിയയും ലയണല്‍ മെസിയുമാണ് ആദ്യം നീലപ്പടയ്ക്ക് ലീഡ് നേടിക്കൊടുത്തത്. 80ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെയും 81ാം മിനുട്ടില്‍ മികച്ച മുന്നേറ്റത്തിലൂടെയുമാണ് എംബാപ്പെ ഗോളടിച്ചത്. എന്നാല്‍ 108ാം മിനുട്ടില്‍ മെസി തനിസ്വരൂപം പുറത്തെടുക്കുകയായിരുന്നു. ലൗത്താരോ മാര്‍ട്ടിനെസിന്റെ ഷോട്ട് ലോറിസ് തടുത്തിട്ടത് മെസിയുടെ മുമ്ബിലേക്കായിരുന്നു. ഇതോടെ മെസി ഗോള്‍ പോസ്റ്റിലേക്ക് തൊടുത്തു. പന്ത് ഉപമെകാനോ തടഞ്ഞെങ്കിലും ഗോള്‍വര കടന്നിരുന്നു. പക്ഷേ അര്‍ജന്‍റീനയ്ക്ക് ആശ്വസിക്കാന്‍ എംബാപ്പെ അവസവരം നല്‍കിയില്ല. 118ാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ കിടിലന്‍ താരം വീണ്ടും എതിര്‍വല കുലുക്കി. ഇതോടെ മത്സരം 3-3 സമനിലയില്‍ നിര്‍ത്തി ഷൂട്ടൗട്ടിലേക്ക് പോകുകയായിരുന്നു.
Argentina, who won the World Cup for the third time in football history, will get $42 million (Rs 347 crore).

