കാൽപന്തിൻ താളത്തിൽ ഉറക്കമില്ലാത്ത കാസർകോടൻ രാവ്; ആവേശം അലതല്ലിയ സന്ധ്യാരാഗം
സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ കൊണ്ട് നിറഞ്ഞു കവിഞ്ഞു

കാസർകോട്∙ അലതല്ലിയ ആവേശത്തിൽ ലോകകപ്പ് ഫുട്ബോളിന്റെ അവസാന രാവ്. ഫുട്ബോൾ പ്രേമികളായ ജില്ലക്കാർ ഒന്നടങ്കം സ്ക്രീനിനു മുന്നിൽ കണ്ണും നട്ടിരുന്നു.തൃക്കരിപ്പൂർ, ചെറുവത്തൂർ, കാഞ്ഞങ്ങാട്, കാസർകോട് തുടങ്ങിയ പ്രധാന ടൗണുകളിൽ മാത്രമല്ല, ഉൾഗ്രാമങ്ങളിൽ പോലും ബിഗ് സ്ക്രീൻ മത്സരം ഒരുക്കിയിരുന്നു.
അമിട്ടും കതിനയും ആകാശത്ത് വർണ വിസ്മയം തീർത്ത രാത്രിയിൽ കാസർകോടിന് ഇന്നലെ ഉറക്കമില്ലായിരുന്നു. പുലിക്കുന്ന് സസ്യാരാഗം ഓഡിറ്റോറിയത്തിൽ സ്ത്രീകളും കൊച്ചു കുട്ടികളുമടക്കം മത്സരം കാണാൻ ആവേശത്തോടെ എത്തി.മെസിയുടെ പേരെഴുതിയ ടീഷർട്ടുകളണിഞ്ഞ് കുട്ടികൾ മത്സരം കാണാൻ തടിച്ചു കൂടി .
ഇരു ടീമുകളുടെയും ഓരോ മുന്നേറ്റങ്ങളും ജില്ലയുടെ പല കോണുകളിൽ നിന്ന് ആർപ്പു വിളികളായ് ഉയർന്നു. കാസർകോട് മർച്ചന്റ് അസോസിയേഷനാണ് സന്ധ്യരാഗം ഓഡിറ്റോറിയത്തിൽ ബിഗ് സ്രക്രീനിൽ ഫുട്ബോൾ ലൈവ് ഒരുക്കിയിരുന്നത്. രാത്രി 8.30നു തുടങ്ങിയ മത്സരം കാണുന്നതിനായി ആറുമണിയോടെ തന്നെ സ്ത്രീകളും കുട്ടികൾ ഉൾപ്പെടെയുള്ളവർ കുടുംബസമേതം സീറ്റ് ഉറപ്പിക്കാനായി എത്തിയിരുന്നു.
ഇരു ടീമുകളുടെയും ആരാധകർ കാത്തിരുന്ന ഫൈനൽ മത്സരം പൂർത്തിയായ ശേഷവും റോഡുകളിലും ക്ലബ്ബുകളിലും ആഘോഷങ്ങൾ തുടർന്നു. ബൈക്കുകളിലും കാറുകളിലുമായി ഫുട്ബോൾ ആരാധകർ വിജയാരവം മുഴക്കി റോഡിലൂടെ ഒഴുകി. മറ്റൊരു മറക്കാത്ത ലോകകപ്പ് നാളുകൾക്ക് കൂടി കാസർകോട് വിട ചൊല്ലി.

