ദൗത്യം വിജയം:104 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ കൂറ്റന്‍ യന്ത്രങ്ങളുമായി ട്രെയിലറുകള്‍ ചുരം കടന്നു

വന്‍ വാഹനവ്യൂഹത്തിന്റെയും പോലീസിന്റെയും നാട്ടുകാരുടെയും അകമ്പടിയോടെ വ്യാഴാഴ്ച രാത്രി 10.52-നാണ് ട്രെയ്ലറുകള്‍ അടിവാരത്തുനിന്ന് പുറപ്പെട്ടത്. സ്റ്റാര്‍ട്ടിങ് മോട്ടോര്‍ തകരാര്‍ കാരണം മുന്നില്‍ നീങ്ങിയ ട്രെയ്ലര്‍ ഇടയ്ക്ക് നിന്നതിനാല്‍ തുടക്കത്തില്‍ യാത്രയ്ക്ക് അല്പം തടസ്സം നേരിട്ടു. വാഹനത്തിനുള്ളിലെ മെക്കാനിക്കിന്റെ നേതൃത്വത്തില്‍ തകരാര്‍ പരിഹരിച്ചശേഷം യാത്ര പുനരാരംഭിക്കുകയായിരുന്നു. രാത്രി 11.45-ന് ഇരുവാഹനങ്ങളും ഒന്നാംവളവ് പിന്നിട്ടു. ഒരുമണിയോടെ എട്ടാം വളവിലെത്തി. ഇതിനിടെ വയനാട്ഭാഗത്തു നിന്നെത്തിയ മൂന്ന് ആംബുലന്‍സുകള്‍ക്ക് വഴിയൊരുക്കി. 1.10-ഓടെ എട്ടാം വളവ് പിന്നിട്ടു. മുന്നിലുള്ള വാഹനത്തിന്റെ എന്‍ജിന്‍ ചൂടായതിനാല്‍ എട്ടാം വളവിനു മുകളില്‍ ട്രെയിലറുകള്‍ അല്പനേരം നിര്‍ത്തിയിട്ടു.
ഒന്നേ മുക്കാലോടെ ഒമ്പതാം വളവിലേക്ക് യാത്ര തുടര്‍ന്നു. ഒമ്പതാം വളവിനു താഴെ ടവര്‍ലൈനിനു മുകളിലായി വലതുവശത്ത് കൂറ്റന്‍പാറയുള്ള റോഡിന്റെ വീതികുറഞ്ഞ ഭാഗം ആശങ്ക ഉയര്‍ത്തിയെങ്കിലും ഡ്രൈവര്‍മാര്‍ വാഹനങ്ങള്‍ പ്രയാസമില്ലാതെ ചുരത്തിലെ അവസാന വളവും പിന്നിട്ടു.

