ഓടിച്ചു കൊതിതീർന്നില്ല, കൊച്ചിയിൽ ഓടിക്കൊണ്ടിരിക്കെ പുത്തൻ സ്കൂട്ടറിന് തീ പിടിച്ച് ചാരമായി; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവതി

കൊച്ചി ∙ പുതിയ സ്കൂട്ടർ വാങ്ങി കൊതി തീരും മുന്നേ ഓട്ടത്തിനിടെ കത്തിനശിച്ചതിന്റെ വിഷമത്തിലാണ് ഉടമയായ കളമശേരി പെരിങ്ങഴ സ്വദേശിനി അനഘ നായർ. അപകടത്തിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടതിന്റെ ആശ്വാസവുമുണ്ട്. രാവിലെ പത്തോടെ കളമശേരി എച്ച്എംടി സ്റ്റോറിനു സമീപമാണ് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനു തീ പിടിച്ചത്.
സ്കൂട്ടറിന്റെ അടിയിൽനിന്നു പുക ഉയരുന്നതു കണ്ടു യുവതി വാഹനം നിർത്തി. പെട്ടെന്നുതന്നെ രേഖകൾ എടുത്തുമാറ്റി മാറി നിന്നു. അതിനാൽ അവർക്ക് പരുക്കേറ്റില്ല. സ്കൂട്ടർ പാടെ കത്തിനശിച്ചു. അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. ഇതിനിടെ നാട്ടുകാർ തീയണയ്ക്കാൻ മണൽ വാരിയിട്ടെങ്കിലും ഫലമുണ്ടായില്ല.
ഓടുന്നതിനിടെ കത്തി നശിച്ച സ്കൂട്ടർ
കഴിഞ്ഞ വ്യാഴാഴ്ച ഷോറൂമിൽ നിന്നെടുത്ത പുതിയ സ്കൂട്ടറാണ് കത്തി നശിച്ചത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വാഹന ഷോറൂം അധികൃതരെ വിവരം അറിയിച്ചു. പുതിയ വാഹനമായതിനാൽ ഇൻഷുറൻസ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കു കാര്യമായ തടസ്സമുണ്ടാകില്ലെന്നാണ് സൂചന.

