KSDLIVENEWS

Real news for everyone

ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ റോബോട്ടുകള്‍ താരമാകുന്നു

SHARE THIS ON

കാസറഗോഡ്: ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റിവലിലെ റോബോട്ടിക് ഷോയായ ‘ഹലോ ബോട്ട്‌സ് 22’ ജനശ്രദ്ധ ആകര്‍ഷിക്കുന്നു. റോബോട്ടുകളുടെ ഉപയോഗം സാധാരണ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ ഇന്‍ങ്കര്‍ റോബോട്ടിക്‌സ് സൊല്യൂഷന്‍ ആണ് ഈ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. പ്രായഭേദമന്യേ ആളുകള്‍ക്ക് റോബോട്ടുകളെ അടുത്തറിയാനും വിവരസാങ്കേതിക വിദ്യയുടെ ഉപയോഗം നിത്യജീവിതത്തില്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതുമാണ് റോബോട്ടിക് ഷോയുടെ പ്രധാന ഉദ്ദേശം. വിവര സാങ്കേതിക വിദ്യയോടൊപ്പം വിനോദവും വിദ്യാഭ്യാസവും സമന്വയിപ്പിച്ചുകൊണ്ട് റോബോട്ടുകളെ ആളുകള്‍ക്ക് പരിചയപ്പെടുത്തുകയും ഭാവിയുടെ സാധ്യതകളെ എളുപ്പത്തില്‍ കയ്യെത്തിപ്പിടിക്കാന്‍ ഉതകുന്ന തരത്തിലുള്ള സംവിധാനങ്ങളെ പരിചയപ്പെടുത്തുക എന്നതും റോബോട്ടിക് ഷോയിലൂടെ ലക്ഷ്യം വയ്ക്കുന്നു.

സാധാരണക്കാര്‍ക്ക് മനസിലാകാത്ത കോഡിങ് പ്രോഗ്രാമിങ്ങുകളെ ഏറ്റവും ലളിതമായ രീതിയില്‍ അവതരിപ്പിക്കുക എന്നതും ഈ ഷോയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ്, വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ് തുടങ്ങിയവയുടെ സാധ്യതകളെ അനുഭവിച്ചറിയാന്‍ ഉള്ള സൗകര്യവും പവലിയനില്‍ സജ്ജമാണ്. വ്യവസായിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉതകുന്ന റോബോട്ടുകള്‍, ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നവ, വിനോദ മേഖലകളിലെ റോബോട്ടിക് സാന്നിധ്യം തുടങ്ങിയവ പ്രദര്‍ശനത്തില്‍ അവതരിപ്പിക്കുന്നുണ്ട്.

മാറുന്ന കാലത്തിനനുസരിച്ച് വിദ്യാര്‍ഥികളില്‍ സാങ്കേതിക പരിജ്ജാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ക്ക് തുടക്കമിടുകയാണ് റോബോട്ടിക് ഷോയിലൂടെ ബേക്കല്‍ ബീച്ച് ഫെസ്റ്റിവല്‍ സംഘാടകര്‍ ലക്ഷ്യമിടുന്നത്.
150 രൂപയാണ് ടിക്കറ്റ് നിരക്ക്. 6 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി പ്രദര്‍ശനം കാണാന്‍ സൗകര്യമുണ്ട്. സാധാരണ ജനങ്ങള്‍ക്ക് അനുഭവിച്ചറിയാനുള്ള സൗകര്യവും സംഘടകര്‍ ഒരുക്കിയിട്ടുണ്ട്.

2022 ഡിസംബര്‍ 24 മുതല്‍ 2023 ജനുവരി 2 വരെ ബേക്കല്‍ ബീച്ച് പാര്‍ക്കിലാണ് ഇന്റര്‍നാഷണല്‍ ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്. ദേശീയ, അന്തര്‍ദേശീയ കലാകാരന്മാരുടെ മെഗാ ഷോകള്‍, കാസറഗോഡിന്റെ തനത് കലാ പ്രകടനങ്ങള്‍, സാംസ്‌കാരിക സമ്മേളനങ്ങള്‍, സെമിനാറുകള്‍, ഹെലികോപ്റ്റര്‍ റൈഡ്, ഫ്‌ലോട്ടിംഗ് ബ്രിഡ്ജ്, റോബോട്ടിക് ഷോ, ഭക്ഷ്യമേള, സഞ്ചാരികള്‍ക്ക് കാസറഗോഡിനെ അടുത്തറിയാനായി പ്രത്യേക യാത്രാ പാക്കേജുകള്‍ തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. രാവിലെ 11 മണി മുതല്‍ രാത്രി 11 വരെയാണ് പ്രവേശനം. ഒരേ സമയം മൂന്ന് വേദികളില്‍ കലാപരിപാടികള്‍ അരങ്ങേറും. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനായി 20 ഏക്കറോളം സ്ഥലമാണ് സജ്ജീകരിച്ചിരിക്കുന്നത്. 150 രൂപയുടെ റോബോട്ടിക് ഷോ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് എന്‍ട്രി സൗജന്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!