KSDLIVENEWS

Real news for everyone

കലോത്സവം: സ്വര്‍ണക്കപ്പ് 31-ന് കോഴിക്കോട്ട് എത്തിക്കും, എ ഗ്രേഡ് നേടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ്

SHARE THIS ON

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇക്കുറി മുഴുവന്‍ കുട്ടികളേയും പങ്കെടുപ്പിച്ച് നടത്തുന്ന വര്‍ണാഭമായ ഘോഷയാത്ര ഉണ്ടാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സ്വര്‍ണക്കപ്പ് ഡിസംബര്‍ 31-ന് പാലക്കാട്ട് നിന്നും കോഴിക്കോട്ട് എത്തിക്കും.

ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകരയില്‍ സ്വര്‍ണക്കപ്പിന് സ്വീകരണം നല്‍കും. തുടര്‍ന്ന് ചെറുഘോഷയാത്രയായി കപ്പ് നഗരത്തിലേക്ക് എത്തിക്കും, കുട്ടികളുടേയും പൊതുജനങ്ങളുടേയും അഭ്യര്‍ഥന മാനിച്ച് ഈ വര്‍ഷം കലോത്സവം കഴിയുന്നത് വരെ കപ്പ് പ്രദര്‍ശിപ്പിക്കുന്ന കാര്യം പരിഗണിക്കും.
കപ്പിന് രാപ്പകല്‍ സുരക്ഷ ഒരുക്കേണ്ടതിനാല്‍ പോലീസുമായി ആലോചിച്ച് അന്തിമ തീരുമാനം എടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

ജനുവരി രണ്ടാം തീയതി മുതല്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവരെ കലോത്സ വണ്ടിയില്‍ താമസ സ്ഥലങ്ങളില്‍ എത്തിക്കും. 10 സ്‌കൂളുകളിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. റെയില്‍വേ സ്റ്റേഷനുകളില്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ സജ്ജമാക്കും. റൂട്ട് മാപ്പും മത്സരക്രമീകരണവും ഇവിടെ നിന്നും ലഭിക്കും.

ജനുവരി മൂന്നിന്‌ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. 11 മണി മുതലാണ് രജിസ്‌ട്രേഷന്‍ ആരംഭിക്കുക. കലോത്സവത്തില്‍ എ ഗ്രേഡ് നേടുന്നവര്‍ക്ക് 1000 രൂപയുടെ ഒറ്റത്തവണ സ്‌കോളര്‍ഷിപ്പ് നല്‍കുമെന്നും അടുത്ത തവണ മുതല്‍ തുക കൂട്ടുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കലോത്സവ വേദിയില്‍ മാസ്‌ക് നിര്‍ബന്ധം ആയിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി കോഴിക്കോട് കോര്‍പ്പറേഷന്‍
സംസ്ഥാന സ്‌കൂള്‍ കലോത്സത്തിന് ആതിഥേയത്വം വഹിക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി കോഴിക്കോട് കോര്‍പ്പറേഷന്‍. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും കലോത്സവ വേദികള്‍ക്ക് പുറത്ത് കച്ചവടം നടത്തുമ്പോള്‍ ഉള്ള തിരക്ക് കുറയ്ക്കാനുമായി വേദികള്‍ക്ക് അരികില്‍ ഉന്തുവണ്ടി കച്ചവടം അനുവദിക്കില്ലെന്ന് കോഴിക്കോട് മേയര്‍ ഡോ. ബീനാ ഫിലിപ്പ് അറിയിച്ചു.

ലൈസന്‍സ് ഉള്ള കച്ചവടക്കാര്‍ക്ക് നിലവില്‍ കച്ചവടം ചെയ്യുന്ന സ്ഥലത്ത് തുടരാം. ഏതെങ്കിലും മത്സര ഇനങ്ങള്‍ വൈകിയാല്‍ കുട്ടികള്‍ക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ വേദിക്കരികില്‍ ബിസ്‌ക്കറ്റും വെള്ളവും ലഭ്യമാവുന്ന സ്റ്റാളുകള്‍ തുറക്കാന്‍ സംഘാടക സമിതിയോട് അഭ്യര്‍ഥിക്കുമെന്നും മേയര്‍ അറിയിച്ചു.

കോഴിക്കോടിന്റെ രുചി നുണയുന്നവര്‍ വൃത്തിയുള്ള ഭക്ഷണമാണ് കഴിക്കുന്നതെന്ന് ഉറപ്പാക്കാന്‍ കലോത്സവം കഴിയും വരെ സ്‌ക്വാഡ് രൂപീകരിച്ച് രാപ്പകല്‍ പരിശോധന നടത്തും. നഗരത്തില്‍ നിന്നും കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ അറിയിക്കാന്‍ ഉള്ള ടോള്‍ ഫ്രീ നമ്പര്‍ രണ്ട് ദിവസത്തിനകം ലഭ്യമാക്കും.

ശുചിത്വ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും കലോത്സവ നടത്തിപ്പ്. നഗരത്തിലെ പണി തീര്‍ന്ന മുഴുവന്‍ ടോയ്‌ലറ്റുകളും കോര്‍പ്പറേഷന്‍ തൊഴിലാളികളെ ഉപയോഗിച്ച് തുറന്നുകൊടുക്കും. കലോത്സവത്തിന് മുന്നോടിയായി കോഴിക്കോട് നഗരം മുഴുവന്‍ ശുചീകരിക്കും. എല്ലാ വേദികളിലും മാലിന്യ ബിന്നുകളും ശുചീകരണ തൊഴിലാളികളേയും ഉറപ്പാക്കും. കലോത്സവം നടക്കുന്ന ദിവസങ്ങളില്‍ തുടര്‍ച്ചയായി ബീച്ച് ശുചീകരിക്കും എന്നും മേയര്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!