പിന്നില്‍ പ്രവര്‍ത്തിച്ചവരെ വിടില്ല; തനിക്കെതിരായ വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചന: പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ ടി.പി ഹരീന്ദ്രന്റെ വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ലീഗ് നേതൃത്വത്തിന് ബോധ്യപ്പെട്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. രണ്ട് ദിവസം ഇത് സംബന്ധിച്ച അന്വേഷണത്തിലായിരുന്നു. ചില പേരുകള്‍ സംബന്ധിച്ച് സൂചന ലഭിച്ചിട്ടുണ്ട്. കേട്ടുകേള്‍വി ആയതുകൊണ്ട് വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരായ ഗൂഢാലോചനക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്‍ട്ടിക്കകത്തുള്ളവര്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്ന ചോദ്യം പൂര്‍ണമായും തള്ളാന്‍ അദ്ദേഹം തയ്യാറായില്ല. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് പറയാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇ.പി ജയരാജന് വിഷയത്തില്‍ തന്റെ നിലപാട് വലിയ ചര്‍ച്ചയായി. അത് രാഷ്ട്രീയമാണ്. അതില്‍ പ്രശ്നമില്ല. പക്ഷേ, അരിയില്‍ ഷുക്കൂര്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ വികാരമാണ്. അത് ഉപയോഗിച്ച് തനിക്കെതിരെ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ ഏതറ്റം വരെ പോകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി തന്നെ ആരോപണം തള്ളിയതോടെ വക്കീലിന്റെ വെളിപ്പെടുത്തല്‍ നിലനില്‍ക്കില്ല. ഓര്‍ക്കാപ്പുറത്തുള്ള വെളിപാടിന് പിന്നില്‍ എന്താണെന്ന് അന്വേഷിച്ചപ്പോഴാണ് ഗൂഢാലോചന ബോധ്യപ്പെട്ടത്. കെ.പി.സി.സി പ്രസിഡന്റിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ടതില്ല. അദ്ദേഹം തന്നെ അത് വിശദീകരിച്ചതാണ്. അദ്ദേഹത്തിന്റെ പ്രതികരണംകൊണ്ട് ചെറിയ ബുദ്ധിമുട്ട് ഉണ്ടായെങ്കിലും വിശദീകരിച്ചതോടെ ക്ലിയര്‍ ആയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

