KSDLIVENEWS

Real news for everyone

വിശ്വാസികള്‍ വര്‍ഗീയവാദികളല്ല, വര്‍ഗീയവാദികള്‍ക്ക് വിശ്വാസമില്ല- എം.വി. ഗോവിന്ദന്‍

SHARE THIS ON

കൊച്ചി: ബി.ജെ.പിയുടെ രണ്ടാം ടീമെന്ന നിലയിലെ കോണ്‍ഗ്രസിന്റെ പരസ്യപ്രഖ്യാപനമാണ് മൃദുഹിന്ദുത്വവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരാമര്‍ശങ്ങളെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കണമെന്നാണ് പറയുന്നത്. അത് കോണ്‍ഗ്രസിന്റെ നിലപാടാണ്. അതിനെ സി.പി.എം. പണ്ടേ വിമര്‍ശിച്ചുകൊണ്ടിരിക്കുന്നതാണ്. ഇന്നും വിമര്‍ശിക്കുകയാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

‘മൃദുഹിന്ദുത്വ നിലപാടുകൊണ്ട് ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കഴിയില്ല. അതാണ് കോണ്‍ഗ്രസ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് ബി.ജെ.പിയെ സഹായിക്കാനുള്ള പാലമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്.’- സി.പി.എം. സെക്രട്ടറി അഭിപ്രായപ്പെട്ടു.

ചന്ദനക്കുറി തൊടുന്നവരല്ല മൃദുഹിന്ദുത്വത്തിന്റെ ആളുകള്‍. അവര്‍ വിശ്വാസികളാണ്. വിശ്വാസികള്‍ വര്‍ഗീയവാദികളല്ല, വര്‍ഗീയവാദികള്‍ക്ക് വിശ്വാസമില്ല. അവര്‍ വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ്. ചന്ദനക്കുറി തൊടുന്നു എന്നുള്ളതുകൊണ്ട് അവരാണ് മൃദുഹിന്ദു എന്ന് പറയാന്‍ പറ്റില്ല. അവര്‍ വിശ്വാസികളാണ്. വിശ്വാസികളോട് നല്ല നിലപാടാണ് സി.പി.എമ്മിനുള്ളത്. ഏത് വിശ്വാസിയായാലും അവര്‍ക്ക് വിശ്വാസമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ട്. അവരെയെല്ലാം വര്‍ഗീയവാദികളായി ചിത്രീകരിക്കാന്‍ പാടുള്ളതല്ലെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കള്‍ പലരുടേയും നിലപാടുകള്‍ മൃദുഹിന്ദുത്വനിലപാടാണെന്നും, കെ. സുധാകരന്റെ ആര്‍.എസ്.എസ്. അനുകൂല പരാമര്‍ശത്തിന്റെ തുടര്‍ച്ചയാണോ എ.കെ. ആന്റണിയുടെ പരാമര്‍ശമെന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!