വീട്ടില്‍നിന്ന് പുറത്തിറങ്ങാനാകാതെ കോണ്‍ക്രീറ്റ് മതില്‍; വഴിമുട്ടി ബീഫാത്തിമയും കുടുംബവും

ചെർക്കള: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി വീടിനോട് ചേർന്ന് മുൻഭാഗത്ത് കോൺക്രീറ്റ് ഭിത്തി ഉയർന്നതോടെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലായിരിക്കയാണ് ചെങ്കള സന്തോഷ് നഗറിലെ കെ. ബീഫാത്തിമയും കുടുംബവും. ചെങ്കള സന്തോഷ് നഗറിനും നാലാംമൈലിനും ഇടയിൽ ദേശീയപാതയോട് ചേർന്ന് താഴ്ന്ന് കിടന്ന 18 സെന്റിലാണ് വീടുണ്ടായിരുന്നത്. മുൻഭാഗത്തുണ്ടായിരുന്ന കിണർ ഉൾപ്പെടെയുള്ള മൂന്ന് സെന്റ് ദേശീയപാതാ വികസനത്തിന് നൽകിയിരുന്നു. വീടിന്റെ മുൻഭാഗത്തുണ്ടായിരുന്നു ഏക വഴി കെട്ടിയടക്കുംവിധം മൂന്ന് മീറ്ററോളം ഉയരത്തിലാണ് ഇപ്പോൾ കോൺക്രീറ്റ് ഭിത്തി പണിതത്.
ബീഫാത്തിമ്മയും മക്കളായ അസൈനാർ, നാസർ, സമർ എന്നിവരും ഇവരുടെ ഭാര്യമാരും മക്കളും ഉൾപ്പെടെ 18 പേരാണ് വീട്ടിൽ താമസിക്കുന്നത്. വീടിന്റെ മറ്റുഭാഗങ്ങളിലൂടെ പുറത്തിറങ്ങാൻ നിലവിൽ ഇവർക്ക് കഴിയില്ല.
കോൺക്രീറ്റ് ഭിത്തി വരാന്തയോട് ചേർന്ന്
ഇരുനില വീടിന്റെ മുൻഭാഗത്തെ വരാന്തയോട് ചേർന്നാണ് കോൺക്രീറ്റ് ഭിത്തി ഉയർത്തിയിട്ടുള്ളത്. തളർച്ചയെ തുടർന്ന് പരസഹായമില്ലാതെ നടക്കാൻപോലും കഴിയാത്ത 74 പിന്നിട്ട ബീഫാത്തിമയ്ക്ക് ആഴ്ചയിൽ മൂന്നുദിവസം ആസ്പത്രിയിൽ പോകേണ്ടതുണ്ട്. ഭിത്തി ഉയർന്നതോടെ ബീഫാത്തിമ മകൾ ആയിഷയുടെ കാഞ്ഞങ്ങാടുള്ള വീട്ടിലേക്ക് കഴിഞ്ഞദിവസം മാറി .
വീട്ടിൽ താമസിച്ചിരുന്ന മക്കളിൽ അസൈനാർ ഒഴികെയുള്ളവരും കുടുംബവും പുറത്തിറങ്ങാൻ കഴിയാത്തതിനെ തുടർന്ന് ബന്ധുക്കളുടെ വീട്ടിലേക്കും മാറേണ്ടിവന്നു.
മതിയായ നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി
ദേശീയപാതയ്ക്കായി സ്ഥലം നൽകിയപ്പോൾ നിലവിലെ വിപണി വിലക്കനുസരിച്ചുള്ള മതിയായ നഷ്ടപരിഹാരവും ലഭിച്ചിരുന്നിെലന്നും ഇവർ പരാതിപ്പെടുന്നു. വീട് ഏറ്റെടുത്ത് അനുയോജ്യമായ സ്ഥലത്തേക്ക് മാറുന്നതിനാവശ്യമായ നഷ്ടപരിഹാരം നൽകണമെന്നതാണ് കുടുംബത്തിന്റെ ആവശ്യം. ദേശീയപാതാ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ആവശ്യം പരിഗണിച്ചില്ല. കളക്ടർക്കും കുടംബം പരാതി നൽകിയിട്ടുണ്ട്. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് ആവശ്യമായ നടപടി വേണമെന്ന് സ്ഥലം സന്ദർശിച്ച ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ ആവശ്യപ്പെട്ടു.

