സംസ്ഥാന സ്കൂൾ കലോത്സവം; കലാപ്രതിഭകളെ സ്വീകരിക്കാന്‍ കോഴിക്കോട് ഒരുങ്ങി

കോഴിക്കോട്: സാമൂതിരിയുടെ തട്ടകത്തില്‍ കലയുടെ കേളികൊട്ടുയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. അറുപത്തിയൊന്നാം കേരള സ്കൂള്‍ കലോത്സവത്തിനെത്തുന്ന കലാപ്രതിഭകളെ സ്വീകരിക്കാന്‍ നഗരം ഒരുങ്ങി.
കലോത്സവത്തില്‍ ഒന്നാംസ്ഥാനം നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണക്കപ്പ് തിങ്കളാഴ്ച കോഴിക്കോട്ടെത്തും. പാലക്കാട് നിന്ന് ഘോഷയാത്രയായി കൊണ്ടുവരുന്ന സ്വര്‍ണക്കപ്പ് രാമനാട്ടുകരയില്‍വെച്ച് ഉച്ചയ്ക്ക് ഒരുമണിയോടെ സംഘാടകസമിതി ചെയര്മാന് തോട്ടത്തില്‍ രവീന്ദ്രന് എം.എല്‍.എ., ട്രോഫി കമ്മിറ്റി ചെയര്മാന് കുഞ്ഞഹമ്മദ്കുട്ടി എം.എല്‍.എ., കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ മനോജ്കുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങും. സ്വര്‍ണക്കപ്പുമായുള്ള ഘോഷയാത്ര മൂന്നുമണിയോടെ മുതലക്കുളം മൈതാനിയിലെത്തും. ആറുമണിവരെ കപ്പ് മാനാഞ്ചിറ സ്ക്വയറില്‍ പ്രദര്‍ശനത്തിനായിവെക്കും.
കഴിഞ്ഞ ഒന്നരമാസത്തോളമായി കലോത്സവത്തിനായുള്ള തയ്യാറെടുപ്പുകളിലായിരുന്നു നഗരം. 239 ഇനങ്ങളിലായി 14,000 -ഓളം മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കും. 24 വേദികളാണ് സജ്ജീകരിച്ചിരിക്കുന്നത്. മത്സരവേദികള്‍ക്ക് സാഹിത്യത്തിലെ ഭാവനാഭൂപടങ്ങള്‍ അടങ്ങിയ പേരുകളാണ് നല്‍കിയത്. കലോത്സവവേദികളിലേക്ക് സുഗമമായി എത്തുന്നതിന് ഗൂഗിള്‍ മാപ്പും ഒരുക്കിയിട്ടുണ്ട്.

