KSDLIVENEWS

Real news for everyone

മദ്രാസ് ഐ.ഐ.ടി.യില്‍ ഹോസ്റ്റലില്‍ തൂങ്ങിമരിച്ചത് മലയാളി വിദ്യാര്‍ഥി; പ്രതിഷേധം വ്യാപിച്ചു

SHARE THIS ON

ചെന്നൈ: മദ്രാസ് ഐ.ഐ.ടി.യിലെ ഹോസ്റ്റലില്‍ മലയാളിവിദ്യാര്‍ഥിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയതില്‍ വ്യാപകപ്രതിഷേധം. നവിമുംബൈ നെഹ്രു സ്ട്രീറ്റില്‍ സണ്ണിയുടെ മകന്‍ സ്റ്റീവന്‍ സണ്ണി ആലപ്പാട്ടിനെയാണ് (25) ഞായറാഴ്ച കാമ്പസിനുള്ളിലുള്ള ഹോസ്റ്റല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അമ്പതുവര്‍ഷംമുമ്പ് മുംബൈയില്‍ സ്ഥിരതാമസമാക്കിയവരാണ് സ്റ്റീവന്റെ കുടുംബം. സ്റ്റീവന്‍ മരിച്ചവിവരം തിങ്കളാഴ്ച വൈകിയാണ് ഐ.ഐ.ടി. അധികൃതര്‍ പുറത്തുവിട്ടത്. ഇതിനിടെ 18 വയസ്സുകാരനായ മറ്റൊരു വിദ്യാര്‍ഥിയെ അമിതമായി ഉറക്കഗുളിക കഴിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുസംഭവങ്ങളിലും അധികൃതര്‍ക്കെതിരേ അന്വേഷണമാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുകയായിരുന്നു. ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ രണ്ടാംവര്‍ഷ എം.എസ്. വിദ്യാര്‍ഥിയായ സ്റ്റീവന്‍ പഠനസമ്മര്‍ദത്തെത്തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമികനിഗമനം. പഠനത്തില്‍ മികവുപ്രകടിപ്പിക്കാന്‍ സാധിക്കാതെ വന്നതോടെ കുറച്ചുനാളായി നിരാശയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ‘വിചാരണ ചെയ്യരുത്’ എന്നര്‍ഥമുള്ള ഇംഗ്ലീഷില്‍ എഴുതിയ ഒരു കുറിപ്പ് സ്റ്റീവന്റെ ലാപ്ടോപ്പില്‍നിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ആത്മഹത്യക്ക് ശ്രമിച്ച കര്‍ണാടക സ്വദേശിയായ വിദ്യാര്‍ഥി അപകടനില തരണംചെയ്തു. സ്റ്റീവന്‍ മരിച്ചത് ഒരുദിവസത്തില്‍ കൂടുതല്‍ രഹസ്യമായിവെച്ചതില്‍ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച രാത്രിയില്‍ കാമ്പസിനുള്ളില്‍ വിദ്യാര്‍ഥികള്‍ സമരമാരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!