KSDLIVENEWS

Real news for everyone

പശുക്കടത്ത് ആരോപിച്ച കൊലപാതകം: ‘പോലീസിന് ജീവനോടെ കിട്ടിയിരുന്നു’; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

SHARE THIS ON

ന്യൂഡല്‍ഹി: പശുക്കടത്ത് ആരോപിച്ച് ഹരിയാണയിലെ ഭിവാനിയില്‍ രാജസ്ഥാന്‍ സ്വദേശികളായ യുവാക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. കൊല്ലപ്പെട്ട നസീറിനെയും ജുനൈദിനെയും ഗോ സംരക്ഷകരെന്ന് അവകാശപ്പെടുന്ന അക്രമികള്‍ ആദ്യം ജീവനോടെ പോലീസിന് മുന്നിലെത്തിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജസ്ഥാന്‍ പോലീസ് പറയുന്നതനുസരിച്ച്, ബുധനാഴ്ച രാത്രിയില്‍ കശാപ്പിനായി പശുക്കളെ കടത്തിയെന്നാരോപിച്ച് നാലു പേരടങ്ങുന്ന സംഘം 25-കാരനായ നസീറിനെയും 35-കാരനായ ജുന എന്ന് വിളിക്കുന്ന ജുനൈദിനേയും അക്രമിക്കുകയായിരുന്നു. ക്രൂരമായ ആക്രമണത്തില്‍ രണ്ടുപേര്‍ക്കും ഗുരുതരമായി പരിക്കേറ്റു. പരിക്കുകളോടെ നസീറിനേയും ജുനൈദിനേയും തങ്ങള്‍ ഫിറോസ്പുര്‍ ജിര്‍ക്കയിലുള്ള സമീപത്തെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചതായാണ് സംഭവത്തില്‍ അറസ്റ്റിലായ റിങ്കു സൈനി അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നത്. ടാക്‌സി ഡ്രൈവറും പശു സംരക്ഷണ ഗ്രൂപ്പിലെ അംഗവും കൂടിയാണ് റിങ്കു സൈനി. നസീറും ജുനൈദും പശുക്കടത്തുകാരാണെന്നും ഇരുവരേയും അറസ്റ്റ് ചെയ്യണമെന്നും പോലീസ് സ്‌റ്റേഷനിലെത്തി റിങ്കു സൈനിയും കൂട്ടാളികളും ആവശ്യപ്പെട്ടു. എന്നാല്‍ പാതിജീവന്‍ മാത്രമായ ജുനൈദിനേയും നസീറിനേയും കണ്ട് പോലീസുകാര്‍ ഭയപ്പെട്ടു. തങ്ങളുടെ തലയിലാകുമെന്ന് ഭയന്ന പോലീസ് അവരേയും കൊണ്ട് സ്ഥലം വിടാന്‍ പശു സംരക്ഷകരോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഈ ആരോപണത്തോട് ഹരിയാണ പോലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. താമസിയാതെ ജുനൈദും നസീറും മരിച്ചു. തുടര്‍ന്ന് സംഘം മൃതദേഹങ്ങള്‍ കളയുന്നതിനുള്ള മാര്‍ഗങ്ങളന്വേഷിച്ച് കൂട്ടാളികളെ ബന്ധപ്പെട്ടു. തുടര്‍ന്ന് മൃതദേഹങ്ങള്‍ രണ്ടു ബൊലേറോ എസ്‌യുവിലാക്കി ഭിവാനിയിലേക്ക് കൊണ്ടുപോയി. സംഭവ സ്ഥലത്ത് നിന്ന് 200 കിലോമീറ്റര്‍ അകലെയാണിത്. വ്യാഴാഴ്ച പുലര്‍ച്ചെ മൃതദേഹങ്ങള്‍ വാഹനത്തോടൊപ്പം പെട്രോളൊഴിച്ച് കത്തിച്ചു. ഇത്രയും ദൂരത്തേക്ക് മൃതദേഹങ്ങള്‍ എത്തിച്ച്കത്തിച്ചതിന് പിന്നില്‍ അന്വേഷണം തങ്ങളിലേക്കെത്താതിരിക്കാന്‍ ലക്ഷ്യമിട്ടാണെന്ന് സൈനി പറഞ്ഞു. ബൊലേറോയുടെ ഷാസി നമ്പറില്‍ നിന്നാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്. ഇരകളുടെ കുടുംബം മുഖ്യ ആസൂത്രകനായി ആരോപിക്കുന്ന ബജറ്ങ് ദള്‍ നേതാവ് മോനു മനേസറിന് തട്ടിക്കൊണ്ടുപോകലില്‍ പങ്കില്ലെന്നും എന്നാല്‍ അക്രമികളുമായി ബന്ധപ്പെട്ട് അവര്‍ക്ക് സഹായം നല്‍കിയതില്‍ ഇയാള്‍ പങ്കാളിയാണെന്നും രാജസ്ഥാന്‍ പോലീസ് അറിയിച്ചു. സൈനിയേയും മോനു മനേസറിനേയും കൂടാതെ ബാക്കിയുള്ള കൊലയാളികള്‍ക്കായി നിരവധി പോലീസ് സംഘങ്ങള്‍ തിരച്ചില്‍ നടത്തുകയാണ്. ഇരയുടെ കുടുംബങ്ങള്‍ മറ്റ് മൂന്ന് പേരുടെ പേരുകള്‍ പറഞ്ഞിട്ടുണ്ട് – അനില്‍, ശ്രീകാന്ത്, ലോകേഷ് സിംഗ്ല എന്നിങ്ങനെയുള്ള പേരുകളാണ് കുടുംബം ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!