KSDLIVENEWS

Real news for everyone

സിനിമാ സ്റ്റൈലിൽ മുങ്ങാൻ ശ്രമം; മോഷ്ടാക്കളെ മുട്ടിനു താഴെ വെടിവച്ചിട്ട് ഇൻസ്പെക്ടർ

SHARE THIS ON

ചെന്നൈ ∙ തിരുച്ചിറപ്പള്ളിയിൽ മോഷണക്കേസ് പ്രതികളിൽ നിന്ന് ആഭരണങ്ങൾ പിടിച്ചെടുക്കാനെത്തിയപ്പോൾ ആക്രമിച്ച് കടന്നുകളയാൻ ശ്രമിച്ച 2 പേരെ പൊലീസ് വെടിവച്ചു വീഴ്ത്തി. വണ്ണാരപ്പേട്ട പുത്തൂർ എംജിആർ നഗറിലെ ദുരൈസാമി (ദുരൈ 40), സഹോദരൻ സോമസുന്ദരം (സോമു 38) എന്നിവരാണ് പിടിയിലായത്. പരുക്കേറ്റ പ്രതികളും ഒരു ഇൻസ്പെക്ടറും 2 പൊലീസുകാരും ഉൾപ്പെടെ 5 പേർ ചികിത്സയിലാണ്.

തിരുച്ചിറപ്പള്ളി വരയ്യൂരിലെ വീട്ടിൽ നിന്ന് 30 പവനും 5 ലക്ഷം രൂപയും കവർന്ന സംഭവത്തിൽ ദുരൈസാമിക്കും സോമസുന്ദരത്തിനും പങ്കുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് ഇൻസ്‌പെക്ടർ മോഹന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇന്നലെ പുലർച്ചെ ഇവരെ അറസ്റ്റ് ചെയ്‌ത് മോഷണവസ്തുക്കൾ കണ്ടെത്താൻ കൊണ്ടുപോയി. സമീപത്തെ ക്ഷേത്രത്തിനടുത്തെത്തിയപ്പോൾ ദുരൈ പെട്ടെന്ന് പൊലീസ് ഡ്രൈവർ ചന്ദ്രശേഖറിന്റെ കഴുത്തിൽ പിടിച്ച് ജീപ്പിന്റെ സ്റ്റീയറിങ് വളച്ചതോടെ വാഹനം നിയന്ത്രണം വിട്ട് വശത്തെ കമ്പിവേലിയിൽ ഇടിച്ചു.

ഇതോടെ ദുരൈയും സോമുവും ഇവരിൽനിന്ന് പിടിച്ചെടുത്ത് ജീപ്പിൽ സൂക്ഷിച്ചിരുന്ന വടിവാളും കത്തിയുമായി ഓടി രക്ഷപ്പെട്ടു. ഇതുകണ്ട് ഇൻസ്പെക്ടർ മോഹൻ  ആകാശത്തേക്ക് ഒരു റൗണ്ട് വെടിവച്ചെങ്കിലും മോഷ്ടാക്കൾ നിന്നില്ല. ഇവരെ തടയാൻ ശ്രമിച്ച 2 പൊലീസുകാരെ വെട്ടിവീഴ്ത്തിയതോടെയാണ് ഇൻസ്പെക്ടർ പ്രതികളുടെ കാൽമുട്ടിനു താഴെ വെടിയുതിർത്തത്. ദുരൈക്കെതിരെ 64 കേസുകളും സോമുവിനെതിരെ 21 കേസുകളുമുണ്ടെന്ന്  കമ്മിഷണർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!