KSDLIVENEWS

Real news for everyone

മൂന്നാം മുന്നണി യാഥാര്‍ഥ്യമായാല്‍ നേട്ടം ബിജെപിക്കെന്ന് കോണ്‍ഗ്രസ്; പാര്‍ട്ടി ഭരണഘടനയില്‍ 85 ഭേദഗതി

SHARE THIS ON

റായ്പുർ: മൂന്നാം മുന്നണി രൂപീകരണത്തെ വീണ്ടും എതിര്‍ത്ത് കോണ്‍ഗ്രസ്. ബിആര്‍എസ്, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ സ്വപ്‌നം കാണുന്ന മൂന്നാം മുന്നണി യാഥാര്‍ഥ്യമായാല്‍ അത് ബിജെപിയെ മാത്രമാണ് സഹായിക്കുകയെന്ന് ഛത്തീസ്ഗഢിലെ റായ്പുരില്‍ നടക്കുന്ന പ്ലീനറി സമ്മേളനത്തിലെ രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. മതേതര, സോഷ്യലിസ്റ്റ് കക്ഷികളുടെ ഒരുമ, യോജിക്കാന്‍ കഴിയുന്ന പ്രാദേശിക കക്ഷികളുമായുള്ള സഹകരണം. ഇവ രണ്ടുമാണ് 2024-ലേക്കുള്ള രാഷ്ട്രീയ സഖ്യങ്ങളുടെ അടിത്തറയായി കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം ഉയര്‍ത്തിക്കാട്ടുന്നത്. പഴയകാലത്തിലേതിന് സമാനമായ സഖ്യത്തിന് കോണ്‍ഗ്രസ് തയ്യാറെന്ന് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്ലീനറി സമ്മേളന വേദിയില്‍ പ്രഖ്യാപിച്ചു. രാഷ്ട്രീയ പ്രമേയം മുന്നോട്ടുവെക്കുന്ന വിഷയങ്ങള്‍ 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണ്. മൂന്നാം മുന്നണി യാഥാര്‍ത്ഥ്യമായാല്‍ അത് കോണ്‍ഗ്രസിനെക്കൂടിയാണ് കാര്യമായി ബാധിക്കുക. കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കും, പ്രതിപക്ഷം രണ്ട് തട്ടില്‍ തന്നെ നില്‍ക്കും. അത് ബിജെപിയെ മാത്രം സഹായിക്കുന്നതാകുമെന്ന വിലയിരുത്തല്‍ ചൂണ്ടിക്കാട്ടിയാണ് പഴയ കാലങ്ങളിലേതിന് സമാനമായ സഖ്യത്തിന് കോണ്‍ഗ്രസ് തയ്യാറാണെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കിയത്. പ്ലീനറി സമ്മേളനത്തില്‍ കോണ്‍ഗ്രസ് ഭരണഘടനയില്‍ 85 സുപ്രധാന ഭേദഗതികളും വരുത്തി. പാര്‍ട്ടി കമ്മറ്റികളില്‍ കൂടുതല്‍ നേതാക്കള്‍ക്ക് അവസരം നല്‍കാന്‍ കരുതിക്കൂടിയുള്ളതാണ് ഭരണഘടനാ ഭേദഗതി. പ്രവര്‍ത്തക സമിതി മുതല്‍ താഴേയ്ക്ക് എല്ലാ സമിതികളിലും 50 ശതമാനം സംവരണം നല്‍കും. ദളിത്, യുവജന, അദിവാസി, ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങള്‍ക്ക് പരിഗണന ലഭിക്കും. പ്രവര്‍ത്തകസമിതി അംഗങ്ങളുടെ എണ്ണം 35 ആക്കി. മുന്‍ പ്രധാനമന്ത്രിമാരും മുന്‍ അധ്യക്ഷന്‍മാരും രാജ്യസഭാ, ലോക്‌സഭാ കക്ഷി നേതാക്കളും പ്രവര്‍ത്തക സമിതിയില്‍ സ്ഥിരാംഗങ്ങളാകും. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ആജീവനാന്തം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുന്നതിനും ഭരണഘടനാ ഭേദഗതി അവസരമൊരുക്കും. രാജ്യത്താകെ ബൂത്ത് കമ്മിറ്റികളും ഗ്രാമങ്ങളില്‍ പഞ്ചായത്ത് കമ്മറ്റിയും നഗരങ്ങളില്‍ വാര്‍ഡ് കമ്മിറ്റികളും നിലവില്‍വരും. സൗജന്യ ചികിത്സ ഇന്ത്യയിലെ ജനങ്ങളുടെ അവകാശമാക്കും എന്നതാണ് സാമ്പത്തിക പ്രമേയത്തിലെ പ്രധാന നിര്‍ദേശം. 1991-ന് സമാനമായ വലിയ പരിഷ്‌കരണം സാമ്പത്തിക രംഗത്ത് നിര്‍ദേശിക്കുന്ന കോണ്‍ഗ്രസ്, ഭരണത്തിലെത്തിയാല്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന് സാമ്പത്തിക പ്രമേയത്തില്‍ പറയുന്നുണ്ട്. അദാനിമാര്‍ക്ക് വെള്ളവും വളവും നല്‍കില്ലെന്നും ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം ഇല്ലാതാക്കുമെന്നും കോണ്‍ഗ്രസ് റായ്പൂരില്‍ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ സാമ്പത്തിക നയത്തില്‍ കാതലായ മാറ്റം വേണമെന്നും പ്ലീനറി സമ്മേളനം ആവശ്യപ്പെടുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!