KSDLIVENEWS

Real news for everyone

ആഹാ..രഹാനെ! മുംബൈ ഇന്ത്യന്‍സിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്

SHARE THIS ON

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആവേശകരമായ പോരാട്ടത്തില്‍ ചിരവൈരികളായ മുംബൈ ഇന്ത്യന്‍സിനെ ഏഴുവിക്കറ്റിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്. മുംബൈ ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം 18.1 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ചെന്നൈ മറികടന്നു. വെടിക്കെട്ട് പ്രകടനം നടത്തി ഏവരെയും അത്ഭുതപ്പെടുത്തിയ അജിങ്ക്യ രഹാനെയാണ് ചെന്നൈയുടെ വിജയശില്‍പ്പി. ബൗളിങ്ങില്‍ രവീന്ദ്ര ജഡേജയും ചെന്നൈയ്ക്ക് വേണ്ടി തിളങ്ങി. ഈ സീസണില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് ചെന്നൈ നേടുന്ന രണ്ടാം വിജയമാണിത്. മറുവശത്ത് മുംബൈ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വി ഏറ്റുവാങ്ങി. ഈ സീസണില്‍ ഇതുവരെ വിജയിക്കാന്‍ മുംബൈയ്ക്ക് സാധിച്ചിട്ടില്ല. 158 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ചെന്നൈയ്ക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. ആദ്യ ഓവറിലെ നാലാം പന്തില്‍ തന്ന ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയെ നഷ്ടമായി. ജേസണ്‍ ബെഹ്‌റെന്‍ഡോര്‍ഫ് കോണ്‍വെയെ ബൗള്‍ഡാക്കി. ഇതോടെ ചെന്നൈ വിയര്‍ത്തു. എന്നാല്‍ മുംബൈയുടെ ചിരിയ്ക്ക് അധികമായുസ്സുണ്ടായിരുന്നില്ല. ഈ സീസണില്‍ ആദ്യമായി കളിക്കാന്‍ അവസരം ലഭിച്ച വെറ്ററന്‍ താരം അജിങ്ക്യ രഹാനെ ക്രീസിലെത്തിയതോടെ മത്സരം ആകെ മാറി മറിഞ്ഞു. ADVERTISEMENT വെടിക്കെട്ട് ബാറ്റിങ് അഴിച്ചുവിട്ട രഹാനെ കിട്ടിയ അവസരം ശരിക്കും മുതലാക്കി. മുംബൈ ബൗളര്‍മാരെ യാതൊരുവിധ ദാക്ഷിണ്യവുമില്ലാതെ തലങ്ങും വിലങ്ങും പ്രഹരിച്ച രഹാനെ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്‌വാദിനൊപ്പം രണ്ടാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. വെറും 26 പന്തുകളില്‍ നിന്നാണ് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പിറന്നത്. പിന്നാലെ രഹാനെ അര്‍ധസെഞ്ചുറിയും നേടി. വെറും 19 പന്തുകളില്‍ നിന്നാണ് രഹാനെ അര്‍ധസെഞ്ചുറി നേടിയത്. 2023 ഐ.പി.എല്ലിലെ ഏറ്റവും വേഗതയേറിയ അര്‍ധസെഞ്ചുറി കൂടിയായിരുന്നു ഇത്. വിമര്‍ശകര്‍ക്ക് ബാറ്റിലൂടെ രഹാനെ ചുട്ടമറുപടി നല്‍കി. ബാറ്റിങ് പവര്‍പ്ലേയില്‍ ചെന്നൈ ഒരു വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സെടുത്തു. എന്നാല്‍ എട്ടാം ഓവറിലെ അവസാന പന്തില്‍ സിക്‌സിന് ശ്രമിച്ച രഹാനെ പുറത്തായി. പീയുഷ് ചൗളയുടെ പന്തില്‍ രഹാനെ ഉയര്‍ത്തിയടിച്ച പന്ത് സൂര്യകുമാര്‍ യാദവ് കൈയ്യിലൊതുക്കി. 27 പന്തില്‍ നിന്ന് 61 റണ്‍സെടുത്താണ് മടങ്ങിയത്. ഏഴ് ഫോറും മൂന്ന് സിക്‌സും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. രണ്ടാം വിക്കറ്റില്‍ ഋതുരാജിനൊപ്പം 82 റണ്‍സിന്റെ കൂട്ടുകെട്ടാണ് രഹാനെ പടുത്തുയര്‍ത്തിയത്. പിന്നാലെ വന്ന ശിവം ദുബെയും നന്നായി ബാറ്റുവീശാന്‍ ആരംഭിച്ചതോടെ ചെന്നൈ വിജയത്തിലേക്ക് കുതിച്ചു. എന്നാല്‍ ടീം സ്‌കോര്‍ 125-ല്‍ നില്‍ക്കെ ദുബെ പുറത്തായി. കാര്‍ത്തികേയയുടെ പന്തില്‍ കട്ട് ചെയ്യാന്‍ ശ്രമിച്ച ദുബെയുടെ ബാറ്റില്‍ തട്ടി പന്ത് വിക്കറ്റ് പിഴുതു. 26 പന്തില്‍ 28 റണ്‍സെടുത്തശേഷമാണ് താരം ക്രീസ് വിട്ടത്. പിന്നാലെ വന്ന അമ്പാട്ടി റായുഡുവിനെ കൂട്ടുപിടിച്ച് ഋതുരാജ് ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഋതുരാജ് 40 റണ്‍സെടുത്തും അമ്പാട്ടി റായുഡു 20 റണ്‍സ് നേടിയും പുറത്താവാതെ നിന്നു. മുംബൈയ്ക്ക് വേണ്ടി കുമാര്‍ കാര്‍ത്തികേയ, പീയുഷ് ചൗള, ജേസണ്‍ ബെഹ്‌റെന്‍ഡോര്‍ഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. ആദ്യം ബാറ്റുചെയ്ത മുംബൈ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിനുവേണ്ടി ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 38 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നാലാം ഓവറിലെ അവസാന പന്തില്‍ രോഹിത്തിനെ ക്ലീന്‍ ബൗള്‍ഡാക്കി തുഷാര്‍ ദേശ്പാണ്ഡെ ഈ കൂട്ടുകെട്ട് പൊളിച്ചു. 13 പന്തില്‍ 21 റണ്‍സുമായി മുംബൈ നായകന്‍ മടങ്ങി. പിന്നാലെ വന്ന കാമറൂണ്‍ ഗ്രീനിനെ കൂട്ടുപിടിച്ച് ഇഷാന്‍ കിഷന്‍ അടിച്ചുതകര്‍ത്തു. ആറാം ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നു. ബാറ്റിങ് പവര്‍പ്ലേയില്‍ മുംബൈ 61 റണ്‍സാണ് നേടിയത്. എന്നാല്‍ പവര്‍പ്ലേയ്ക്ക് ശേഷം രവീന്ദ്ര ജഡേജയെ കൊണ്ടുവന്ന ചെന്നൈ നായകന്‍ ധോനിയുടെ തീരുമാനം ഫലം കണ്ടു. അടിച്ചുതകര്‍ത്ത ഇഷാന്‍ കിഷനെ പുറത്താക്കി ജഡേജ മത്സരം ചെന്നൈയ്ക്ക് അനുകൂലമാക്കി. ജഡേജയുടെ പന്തില്‍ സിക്‌സടിക്കാനുള്ള കിഷന്റെ ശ്രമം ഡ്വെയ്ന്‍ പ്രിട്ടോറിയസിന്റെ കൈയ്യില്‍ ഒതുങ്ങി. 21 പന്തില്‍ നിന്ന് 32 റണ്‍സെടുത്താണ് കിഷന്‍ മടങ്ങിയത്. പിന്നാലെ വന്ന സൂര്യകുമാര്‍ യാദവ് വീണ്ടും നിരാശപ്പെടുത്തി. മിച്ചല്‍ സാന്റ്‌നറുടെ പന്തില്‍ സ്വീപ്പിന് ശ്രമിച്ച സൂര്യകുമാറിനെ ധോനി ക്യാച്ചെടുത്ത് പുറത്താക്കി. അമ്പയര്‍ ഔട്ട് വിളിച്ചില്ലെങ്കിലും ധോനി അത് ഡി.ആര്‍.എസ്സിന് വിട്ടു. ധോനിയുടെ കണ്ടെത്തല്‍ ശരിയാണെന്ന് റിവ്യൂവിലൂടെ മനസ്സിലായി. പന്ത് സൂര്യകുമാറിന്റെ ഗ്ലൗസില്‍ തട്ടിയതായി റീപ്ലെയില്‍ വ്യക്തമായി. വെറും ഒരു റണ്‍ മാത്രമെടുത്ത് സൂര്യകുമാര്‍ പുറത്തായി. തൊട്ടടുത്ത ഓവറില്‍ അപകടകാരിയായ കാമറൂണ്‍ ഗ്രീനിനെ മടക്കി ജഡേജ മുംബൈ ഇന്ത്യന്‍സിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. 12 റണ്‍സെടുത്ത ഗ്രീനിനെ ജഡേജ സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കി. ഇതോടെ മുംബൈ 73 ന് നാല് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു. പിന്നീട് ക്രീസിലെത്തിയ അര്‍ഷാദ് ഖാനും പെട്ടെന്ന് പുറത്തായി. രണ്ട് റണ്‍സെടുത്ത താരത്തെ മിച്ചല്‍ സാന്റ്‌നര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീട് ക്രീസിലൊന്നിച്ച കഴിഞ്ഞ മത്സരത്തിലെ ഹീറോ തിലക് വര്‍മയും ടിം ഡേവിഡും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 100 കടത്തി. എന്നാല്‍ തിലക് വര്‍മയെ പുറത്താക്കി ജഡേജ വീണ്ടും മുംബൈയുടെ വില്ലനായി അവതരിച്ചു. 18 പന്തില്‍ 22 റണ്‍സെടുത്ത തിലകിനെ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ മുംബൈ 102 ന് ആറ് എന്ന സ്‌കോറിലേക്ക് വീണു. ഓള്‍റൗണ്ടര്‍ ട്രിസ്റ്റണ്‍ സ്റ്റബ്‌സാണ് പകരക്കാരനായി വന്നത്. സ്റ്റബ്‌സിനും കാര്യമായ ചലനമുണ്ടാക്കാനായില്ല. സിസാന്‍ഡ മഗാലയുടെ പന്തില്‍ ഋതുരാജ് ഗെയ്ക്‌വാദിന് ക്യാച്ച് സമ്മാനിച്ച് അഞ്ചുറണ്‍സെടുത്ത് സ്റ്റബ്‌സ് മടങ്ങി. ബൗണ്ടറി ലൈനില്‍ അസാമാന്യ മെയ്‌വഴക്കം കാണിച്ച പ്രിട്ടോറിയസാണ് ക്യാച്ചിന് വഴിയൊരുക്കിയത്. ബൗണ്ടറിയുടെ അടുത്തുനിന്ന് പന്ത് കൈയ്യിലാക്കിയ പ്രിട്ടോറിയസ് സിക്‌സ് ലൈനിലേക്ക് കടക്കും മുന്‍പ് പന്ത് ഋതുരാജിന് കൈമാറുകയായിരുന്നു. പിന്നാലെ ടിം ഡേവിഡ് ആക്രമിക്കാന്‍ ആരംഭിച്ചു. തുഷാര്‍ ദേശ്പാണ്ഡെയുടെ 17-ാം ഓവറില്‍ രണ്ട് സിക്‌സും ഒരു ഫോറുമടിച്ച ഡേവിഡ് അതേ ഓവറില്‍ തന്നെ പുറത്തായി. 22 പന്തില്‍ 31 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. അവസാന ഓവറില്‍ ഹൃത്വിക് ഷൗക്കീനാണ് മുംബൈ ഇന്നിങ്‌സ് 150 കടത്തിയത്. ഹൃത്വിക്ക് 18 റണ്ഡസും പീയുഷ് അഞ്ച് റണ്‍സുമെടുത്ത് പുറത്താവാതെ നിന്നു. ചെന്നൈയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ സാന്റ്‌നറും തുഷാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!