KSDLIVENEWS

Real news for everyone

അര്‍ധ സെഞ്ചുറിയുമായി ഗില്‍; ഗുജറാത്ത് ടൈറ്റന്‍സിന് മൂന്നാം ജയം,

SHARE THIS ON

മൊഹാലി : ഐപിഎല്ലില്‍ ആവേശം അവസാന ഓവര്‍ വരെ നീണ്ടുനിന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സിനെതിരേ ഗുജറാത്ത് ടൈറ്റന്‍സിന് ജയം. പഞ്ചാബ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കിനില്‍ക്കെയാണ് ഗുജറാത്ത് മറകടന്നത്. സാം കറന്‍ എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ ഏഴു റണ്‍സ് വേണമെന്നിരിക്കേ ശുഭ്മാന്‍ ഗില്ലിനെ നഷ്ടമായെങ്കിലും അഞ്ചാം പന്തില്‍ ബൗണ്ടറി നേടി രാഹുല്‍ തെവാത്തിയ ഗുജറാത്തിനെ വിജയത്തിലെത്തിക്കുകയായിരുന്നു. സീസണില്‍ ഗുജറാത്തിന്റെ മൂന്നാം ജയമാണിത്. പഞ്ചാബിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയും. അര്‍ധ സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിനായി തിളങ്ങിയത്. 49 പന്തുകള്‍ നേരിട്ട ഗില്‍ ഒരു സിക്‌സും ഏഴ് ഫോറുമടക്കം 67 റണ്‍സെടുത്തു. 19 പന്തില്‍ നിന്ന് 30 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയും ഗുജറാത്തിനായി മികച്ച പ്രകടനം പുറത്തെടുത്തു. സായ് സുദര്‍ശന്‍ (19), ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (8) എന്നിവരെ പെട്ടെന്ന് നഷ്ടമായെങ്കിലും ഗില്ലും ഡേവിഡ് മില്ലറും ചേര്‍ന്ന് ഗുജറാത്തിനെ മുന്നോട്ടുനയിച്ചു. മില്ലര്‍ 18 പന്തില്‍ നിന്ന് 17 റണ്‍സുമായി പുറത്താകാതെ നിന്നു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് എട്ടുവിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തിരുന്നു. അവസാന ഓവറുകളില്‍ ഒമ്പത് പന്തില്‍ നിന്ന് 22 റണ്‍സെടുത്ത ഷാരൂഖ് ഖാന്റെ പ്രകടനമാണ് പഞ്ചാബിനെ 150 കടത്തിയത്. ഓപ്പണര്‍മാരായ പ്രഭ്സിമ്രാന്‍ സിങ്ങും (0) ക്യാപ്റ്റന്‍ ശിഖര്‍ ധവാനും (8) നിരാശപ്പെടുത്തിയപ്പോള്‍ 24 പന്തില്‍ നിന്ന് ഒരു സിക്സും ആറ് ഫോറുമടക്കം 36 റണ്‍സെടുത്ത മാത്യു ഷോട്ടാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. ജിതേഷ് ശര്‍മ 23 പന്തില്‍ നിന്ന് 25 റണ്‍സും ഭാനുക രജപക്സ 26 പന്തില്‍ നിന്ന് 20 റണ്‍സും നേടി. സാം കറന് 22 പന്തില്‍ നിന്ന് 22 റണ്‍സ് മാത്രമാണ് നേടാനായത്. ഗുജറാത്തിനായി മോഹിത് ശര്‍മ നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!