കാസർകോട് ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് അറ്റകുറ്റപ്പണിക്ക് 15 ലക്ഷം

കാസർകോട് : ജനറൽ ആസ്പത്രിയിലെ ലിഫ്റ്റ് തകരാറിലായ സംഭവത്തിൽ ആരോഗ്യവിഭാഗം വിജിലൻസ് പരിശോധന നടത്തി.
അഡീഷണൽ ഡയറക്ടർ ഡോ. ജോസ് ജി. ഡിക്രൂസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
പരിശോധനയ്ക്കുശേഷം ആസ്പത്രി അധികൃതരുമായി നടന്ന ചർച്ചയിൽ പൊതുമരാമത്ത് ഇലക്‌ട്രിക്കൽ വിഭാഗം, കാസർകോട് നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും ഉണ്ടായി. പുതിയ ലിഫ്റ്റ് നിർമിക്കാൻ പൊതുമരാമത്ത് ഇലക്‌ട്രിക്കൽ വിഭാഗത്തിന്റെ സാങ്കേതികാനുമതി വേണമെന്ന് ആസ്പത്രി സൂപ്രണ്ട് ഡോ. കെ.കെ.രാജാറാം പറഞ്ഞു. ആസ്പത്രിക്ക് പുറത്തായി ലിഫ്റ്റും റാന്പും ഒരുക്കുന്നതിന്റെ സാധ്യതയും വിജിലൻസ് പരിശോധിച്ചു.
ലിഫ്റ്റ് തകരാറിലായതിൽ കരാറുകാർക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് ഹെൽത്ത് സർവീസ് ഡയറക്ടർക്ക് നിർദേശം നൽകിയതിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന.
ആസ്പത്രിയിലെ നാലാംനിലയിൽനിന്ന് മൃതദേഹം ചുമട്ടുതൊഴിലാളികൾ താഴെയിറക്കിയ സംഭവത്തിൽ ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറി സബ് ജഡ്ജി ബി.കരുണാകരൻ സംസ്ഥാന നിയമസേവന അതോറിറ്റിക്ക് റിപ്പോർട്ട് നൽകിയിരുന്നു

