ദുരിതങ്ങള്‍ക്കിടയില്‍ ആശ്വാസം തേടി പോയതാണവര്‍; ആയിശ ബീവിയും മൂന്ന് മക്കളും ഇനിയില്ല

പരപ്പനങ്ങാടി: വിജനമായ ആ വീടിന്റെ ചുമരിനോട് ചേര്‍ന്ന് രണ്ട് സൈക്കിളുകള്‍ ചാരിവെച്ചിട്ടുണ്ട്. ഉമ്മറത്തുള്ള കസേരയില്‍ ഒരു ചുവന്ന ബാഗും അതിനോട് ചേര്‍ന്ന് ഒരു ഷാളും അലസമായി കിടക്കുന്നു. അലക്കാനിട്ട വസ്ത്രങ്ങള്‍ അയലില്‍ തന്നെയുണ്ട്. ‘രാത്രിയാകുമ്പോഴേക്കും മടങ്ങിയെത്താമെന്ന് പറഞ്ഞ് പോയതാണ് അവര്‍… ഇങ്ങോട്ട് ആരും തിരിച്ചുവന്നില്ല. ആ സ്‌കൂള്‍ മുറ്റത്ത് കിടപ്പുണ്ട് അവരെല്ലാം.’ ഒരു അയല്‍ക്കാരി വിതുമ്പിക്കൊണ്ട് പറഞ്ഞു. ദുരിതങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞു ആശ്വാസത്തിനായി മക്കളേയും കൂട്ടി കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചരയോടെ ഇറങ്ങിയതാണ് ആയിശ ബീവി. ഉമ്മ സുബൈദയും ഒപ്പമുണ്ടായിരുന്നു. താനൂര്‍ തൂവല്‍തീരത്ത് ബോട്ട് മുങ്ങിയുണ്ടായ ദുരന്തം ഒരു കുടുംബത്തിലെ 11 പേരുടെ ജീവനെടുത്തത് കൂടാതെ മറ്റൊരു കുടുംബത്തെ കൂടി കവര്‍ന്നിരിക്കുന്നു. ചെട്ടിപ്പടി നെടുവയില്‍ സൈനുല്‍ ആബിദിന്റെ ഭാര്യ ആയിശ ബീവിയും മൂന്ന് മക്കളുമാണ് മരിച്ചത്. ഉമ്മ സുബൈദയും ഒരു മകനും രക്ഷപ്പെട്ടു. സുബൈദ ഗുരുതരാവസ്ഥയില്‍ തിരൂരങ്ങാടി എം.കെ.എച്ച്. ആശുപത്രിയിലും മകന്‍ കോട്ടക്കല്‍ ആശുപത്രിയിലും ചികിത്സയിലാണ്.
ആയിശ ബീവി(35), മക്കളായ ആദില ഷെറിന്‍ (15) മുഹമ്മദ് അദ്‌നാന്‍(10) മൂന്നരവയസുകാരന്‍ മുഹമ്മദ് അഫ്ഹാന്‍ എന്നിവരാണ് മരിച്ചത്. ‘ഒരുപാട് ദുരിതങ്ങളിലൂടെ കടന്ന് പോകുന്ന കുടുംബമാണ് അവരുടേത്. പുറത്തേക്കൊന്നും വല്ലാതെ പോകാറില്ല. വലിയ ആഘോഷങ്ങളിലൊന്നും പങ്കുചേരാറുമില്ല. ചെറിയൊരു ആശ്വസത്തിനായി പോയതാകും.’ അയല്‍വാസികള്‍ പറഞ്ഞു. |പരപ്പനങ്ങാടി ചെട്ടിപ്പടി വലിയപ്പാടത്തെ വാടകവീട്ടിലാണ് ആയിശ ബീവിയും അഞ്ച് മക്കളും താമസിച്ചിരുന്നത്. ഭര്‍ത്താവുമായി അകന്ന് കഴിയുന്ന ആയിശ ബീവിക്കൊപ്പമാണ് ഉമ്മ സുബൈദയും താമസം. ഒരു മകനെ പെരുന്നാളിനോടനുബന്ധിച്ച് സൈനുല്‍ ആബിദ് തന്റെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. ബാക്കിയുള്ള നാല് മക്കളേയും ഉമ്മയേയും കൂട്ടിയാണ് ആയിശ ബീവി താനൂര്‍ ഞായറാഴ്ച വൈകീട്ട് തൂവല്‍തീരത്തേക്ക് പോയത്. പരപ്പനങ്ങാടിയിലെ ഒരു വസ്ത്രവ്യാപാര ശാലയിലാണ് ആയിശ ബീവി ജോലി ചെയ്യുന്നത്. ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷമാണ് തൂവല്‍തീരത്തേക്ക് പോയതെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. ആശുപത്രിയില്‍നിന്ന് നെടുവ ആനപ്പടിയിലുള്ള ജി.എല്‍പി. സ്‌കൂളിലാണ് മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചത്. ദുരന്തത്തില്‍ പരപ്പനങ്ങാടി കുന്നുമ്മല്‍ സൈതലവിയുടെ കുടുംബത്തിലെ 11 പേർ മരിച്ചിരുന്നു. മരിച്ചവരിൽ ഒമ്പതു പേർ ഒരു വീട്ടിലും മൂന്നു പേർ മറ്റൊരു വീട്ടിലുമാണ് താമസിച്ചിരുന്നത്. കുടുംബത്തിലെ 15 പേർ ഒരുമിച്ചാണ് വിനോദയാത്രക്ക് പോയത്. ഇവരിൽ മൂന്നുപേർ പരിക്കേറ്റ് ചികിത്സയിലാണ്. ഇതിനു പുറമെയാണ് ആയിശ ബീവിയുടെ കുടംബത്തിലെ നാലു പേർ ഒറ്റയടിക്ക് മരണത്തിലേക്ക് യാത്രയായത്
വീടിന്റെ മുന്‍ വശത്തുണ്ടായിരുന്ന കസേരയും ബാഗും
മുഹമ്മദ് അദ്‌നാന്റെയും സഹോദരങ്ങളുടേയും സൈക്കിള്‍