KSDLIVENEWS

Real news for everyone

ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ സസ്പെന്‍ഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്; നടപടി മണിക്കൂറുകള്‍ക്കുളളില്‍

SHARE THIS ON

തിരുവനന്തപുരം: കൊട്ടാരക്കരയില്‍ വൈദ്യപരിശോധനയ്ക്കിടെ ഡോക്ടറെ കൊലപ്പെടുത്തിയ പ്രതിയെ വിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതകി ജി സന്ദീപിനെയാണ് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരം വകുപ്പ് തല അന്വേഷണം നടത്തി സസ്പെന്‍ഡ് ചെയ്തത്. നെടുമ്ബന യുപി സ്കൂളിലെ അധ്യാപകനായിരുന്നു പ്രതിയായ ജി സന്ദീപ്. നേരത്തെ സന്ദീപിനെ സസ്പെന്‍ഡ് ചെയ്തിരുന്നുവെന്നത് തെറ്റാണെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുളളിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. കോട്ടയം മുട്ടുച്ചിറ പട്ടാണമുക്കില്‍ നമ്ബിച്ചിറക്കാലായില്‍ കെ ജി മോഹന്‍ദാസിന്റേയും വസന്തകുമാരിയുടേയും ഏക മകളാണ് കൊല്ലപ്പെട്ട വന്ദന. അതേസമയം ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതകത്തില്‍ പൊലീസിനേയും സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈക്കോടതി രംഗത്തെത്തി. ഇന്ന് ചേര്‍ന്ന പ്രത്യേക സിറ്റിങിലായിരുന്നു വിമര്‍ശനം. സംഭവത്തില്‍ സുരക്ഷയൊരുക്കുന്നതില്‍ പൊലീസ് പൂര്‍ണമായും പരാജയപ്പെട്ടു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സ്‌പെഷ്യല്‍ സിറ്റിങിലൂടെ കേസ് പരിഗണിച്ചത്. ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചുപൂട്ടുകയല്ലെ വേണ്ടതെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. സംഭവം ഏറെ ദുഖഃകരമാണ്. രാജ്യത്ത് ഇതിന് മുമ്ബ് ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്ന് ചോദിച്ച കോടതി യുവഡോക്ടറുടെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പൊലീസിന്‍റെ കൈയ്യില്‍ തോക്കില്ലേ? ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട പ്രാഥമിക ചുമതല പൊലീസിനില്ലേ? പിന്നെ എന്തിനാണ് പൊലീസിന് തോക്ക് കൊടുക്കുന്നത്? ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്ബോള്‍ വികാരപരമായി മാത്രമേ കോടതിക്ക് കൂടി ഇടപെടാനാകൂ. ഈ സംഭവം നാളെ മറ്റൊരു ആശുപത്രിയില്‍ നടക്കില്ലെ എന്ന് ചോദിച്ച കോടതി ഭാവിയിലും ഇത്തരം സംഭവങ്ങള്‍ പ്രതീക്ഷിച്ച്‌ വേണം പൊലീസ് സുരക്ഷ ഒരുക്കേണ്ടതെന്നും നിര്‍ദേശിച്ചു. പ്രതിക്ക് മുന്നിലേക്ക് ഡോക്ടറെ എറിഞ്ഞ് കൊടുക്കുന്നത് ശരിയാണോ? സുരക്ഷ ഏര്‍പ്പെടുത്തേണ്ടത് കോടതിയല്ല, സര്‍ക്കാരാണെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!