വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു: മറുനാടന്‍ മലയാളിക്കെതിരെ നിയമ നടപടിയുമായി നടൻ പൃഥ്വിരാജ്

കൊച്ചി > അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ നല്കി അപമാനിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ യൂട്യൂബ് ചാനല്‍ മറുനാടന്‍ മലയാളിക്കെതിരെ കേസുമായി നടന് പൃഥ്വിരാജ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വീകരിച്ച നടപടികള്‍ക്ക് പിഴയായി 25 കോടി രൂപ അടച്ചുവെന്നും പ്രൊപ്പഗാണ്ട സിനിമകള്‍ നിര്മിക്കുന്നുവെന്നുമുള്പ്പെടെയുള്ള വാര്‍ത്തകളുമായി പൃഥ്വിരാജിനെതിരെ മറുനാടന്‍ മലയാളി വീഡിയോ പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് നടന് കേസുമായി രംഗത്തുവന്നത്. ആരോപണം തീര്‍ത്തും അസത്യവും അടിസ്ഥാനരഹിതവും അത്യന്തം അധിക്ഷേപകരവുമായതിനാല്‍ പ്രസ്തുത ചാനലിനെതിരെ ശക്തമായ നിയമനടപടികള്‍ ആരംഭിക്കുകയാണെന്ന് പ്യഥ്വിരാജ് സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു. വസ്തുതകള്‍ ഉറപ്പു വരുത്തിയതിനു ശേഷം മാത്രമെ ഇതിനു മേല്‍ തുടര്‍വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാവൂ എന്നും നടന് മാധ്യമങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. പൃഥ്വിരാജ് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് വര്‍ത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാര്‍മികത എന്നതിനാല്‍ സാധാരണഗതിയില്‍ ഇത്തരം വ്യാജആരോപണങ്ങളേയും വാര്‍ത്തകളേയും ഞാന്‍ അത് അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്. എന്നാല്‍ തീര്‍ത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു “കള്ളം”, വാര്‍ത്ത എന്ന പേരില്‍ പടച്ചുവിടുന്നത് എല്ലാ മാധ്യമധര്‍മത്തിന്റേയും പരിധികള്‍ ലംഘിക്കുന്നതാണ്. ഈ വിഷയത്തില്‍ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാന്‍ ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കും.

