KSDLIVENEWS

Real news for everyone

ദുബായിലെ ആഘോഷങ്ങൾ നിറയുന്ന ജലനൗകകൾ; സുരക്ഷിതത്വം ഉറപ്പ്, ഓരോ വർഷവും പരിശോധന

SHARE THIS ON

ദുബായ്∙ നഗരത്തിന്റെ ആഘോഷങ്ങളിൽ കര പോലെ പ്രധാനമാണ് കടലും. കരയും കടലും ആകാശവും നിറയുന്ന ആഘോഷങ്ങളാണ് ദുബായിയെ സജീവതയുടെ തലസ്ഥാനമാക്കുന്നത്. മറീനയും ബ്ലൂവാട്ടേഴ്സും ജുമൈറയും വിവിധ ക്രീക്കുകളും അൽ സീഫുമെല്ലാം രാവും പകലും മാറുന്നതറിയാത്ത ആളൊഴിയാ തീരങ്ങളായത് ആഘോഷങ്ങളെ വെള്ളത്തിൽ കയറ്റിയതുകൊണ്ടാണ്. അത്യാഡംബര യോട്ടുകൾ മുതൽ മരപ്പലകയിൽ തീർത്ത പരമ്പരാഗത അബ്രകൾ വരെ ഇടതടവില്ലാതെ ദുബായിയുടെ ജലപരപ്പുകളെ പതപ്പിച്ചു നീങ്ങുന്നു. 

അസമയം എന്നൊരു സമയം കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ ഇവിടെ രാവേറെയായാലും ജല യാനങ്ങളിൽ യാത്രകൾ തുടർന്നു കൊണ്ടേയിരിക്കും. ചിലർ ദുബായിയുടെ രാത്രി സൗന്ദര്യം ആസ്വദിക്കുകയായിരിക്കും, ചിലർ ഏകാന്തത അനുഭവിക്കുകയായിരിക്കും. മറ്റു ചിലർ അറേബ്യൻ നൃത്തത്തിന്റെ സൗന്ദര്യത്തിൽ മനസ്സിൽ നൃത്തം ചവിട്ടുകയായിരിക്കും. 

പിറന്നാൾ കേക്കു മുറിക്കുന്നവർ, വിവാഹ വാർഷികം ആഘോഷിക്കുന്നവർ, മധുവിധു കൊണ്ടാടുന്നവർ, പ്രണയം ആഘോഷിക്കുന്നവർ, അങ്ങനെ ആഘോഷങ്ങളെല്ലാമുണ്ട് ഈ നൗകകളിൽ. പതിറ്റാണ്ടുകൾക്ക് അപ്പുറം ഇത്തരം ചെറു വള്ളങ്ങൾ പ്രവാസ ലോകത്തേക്കുള്ള കടത്തു വഞ്ചികളായിരുന്നു. പിന്നീടാണ് ആഘോഷ വേദികളായി ഇവ മാറിയത്. 

ബോട്ടുകളുടെ കണക്കെടുത്താൽ ആയിരക്കണക്കിനെന്നേ പറയാൻ കഴിയൂ. അത്രയ്ക്കു യാനനിബിഡമാണ് ദുബായി കടലുകളും കോർണീഷുകളും ക്രീക്കുകളും. കോടി കണക്കിന് ദിർഹം വന്നു മറിയുന്ന വിനോദ സഞ്ചാര വ്യവസായം കൂടിയാണിത്. വിനോദ സഞ്ചാര സീസണിൽ ഒരു ലക്ഷത്തിലധികം സഞ്ചാരികൾ ഒരു ദിവസം ദുബായിയുടെ ജല നൗകകൾ ഉപയോഗിക്കുന്നതായാണ് കണക്ക്. 

വിവിധ രാജ്യക്കാർ, വിവിധ ഭാഷക്കാർ, വിവിധ സംസ്കാരക്കാർ. അവർക്ക് ആശങ്കയില്ലാതെ ആഘോഷിക്കാൻ സുരക്ഷിതത്വം ഉറപ്പാക്കിയാണ് ഇവിടെ ഓരോ ബോട്ടും സഞ്ചാരികളെ ക്ഷണിക്കുന്നത്

എങ്ങനെ സാധിക്കുന്നു? 
കേരളത്തിൽ ഒരു വർഷം എത്തുന്ന വിനോദ വിദേശ സഞ്ചാരികളുടെ ഇരട്ടി ഒരു ദിവസം ദുബായിയുടെ വിവിധ മേഖലകൾ സന്ദർശിക്കുന്നതായാണ് കണക്ക്. കോടിക്കണക്കിന് രൂപ വരുമാനമുള്ള ജലയാന മേഖല സുരക്ഷിതമാക്കേണ്ടതിന്റെ ഉത്തരവാദിത്തം ഭരണ കൂടം മുതൽ ബോട്ടിലെ സഹായി വരെ നീളുന്ന ചങ്ങലയിൽ ഉറപ്പിച്ചിരിക്കുന്നു. ദുബായിക്കു വേണ്ടി മാത്രമായി പ്രത്യേക നിയമമൊന്നുമില്ല. ജല യാത്രയിൽ പാലിക്കേണ്ട രാജ്യാന്തര നിയമങ്ങളും സുരക്ഷാ ചട്ടങ്ങളുമാണ് ഇവിടെയും നടപ്പാക്കുന്നത്. ഒരു വ്യത്യാസം മാത്രമേയുള്ളു, നിയമത്തിൽ പറയുന്ന കാര്യങ്ങൾ ബോട്ടിലും ഉണ്ടായിരിക്കും. അതുറപ്പാക്കാൻ ഉദ്യോഗസ്ഥനും ബോട്ടുടമയും ബാധ്യസ്ഥരാണ്. അതില്ലെങ്കിൽ ബോട്ട് കരയിൽ കയറ്റി വയ്ക്കാം, അത് എത്ര വലിയ സ്വാധീനക്കാരുടേതായാലും.

ഒരു ബോട്ട് സ്റ്റാർട്ടാക്കാൻ..

ബോട്ടിന്റെ നീളം വീതി ഉയരം വ്യാസം കണക്കാക്കി കൃത്യമായി ആളുകളുടെ എണ്ണം നിശ്ചയിച്ചിട്ടുണ്ടാകും. ഉപയോഗിക്കുന്ന എൻജിൻ, ബോഡി, നിർമാതാവ് ആര്, നിർമിച്ച വർഷം, കമ്പനി, ഉടമ എന്നിവ സംബന്ധിച്ച രേഖകൾ കൃത്യമായിരിക്കണം. രേഖകളിൽ പറയുന്നതു പോലെ തന്നെയാണ് ബോട്ട് എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പിച്ച ശേഷം പ്രവർത്തനാനുമതി നൽകും. ബോട്ടിൽ ഹാം റേഡിയോ നിർബന്ധമായും ഉണ്ടായിരിക്കും. ലോഗ് ബുക്കിൽ എല്ലാം രേഖപ്പെടുത്തിയിരിക്കണം. യാത്ര പുറപ്പെടുന്ന സമയം തിരിച്ചെത്തുന്ന സമയം കാലാവസ്ഥ, ബോട്ടിലെ ഇന്ധനത്തിന്റെ അളവ്, ബോട്ടിന് ഏതെങ്കിലും തരത്തിലുള്ള കേടുപാടോ അറ്റകുറ്റപണിയോ ഉണ്ടെങ്കിൽ അതുവരെ ലോഗ് ബുക്കിൽ രേഖപ്പെടുത്തിയിരിക്കണം, ഓരോ തവണയും. തീ അണയ്ക്കാനുള്ള സംവിധാനം, ലൈഫ് ബോയ് (ഇരുട്ടിലും വെളിച്ചത്തിലും പ്രകാശിക്കണം) യാത്രക്കാരുടെ എണ്ണത്തേക്കാൾ 10% കൂടുതൽ ലൈഫ് ജാക്കറ്റുകൾ വേണം (എല്ലാം എക്സ്പയറി കഴിയാത്തതാവണം) ലൈഫ് ജാക്കറ്റുകളിൽ ലൈറ്റുകളും വിസിലും വേണം. കുട്ടികൾ ഉണ്ടെങ്കിൽ അവർക്കു പ്രത്യേക ജാക്കറ്റ് നൽകണം. ബോട്ട് മുങ്ങിയാൽ രക്ഷപ്പെടാനുള്ള കൃത്യമായ പ്ലാൻ ആദ്യമേ റെഡിയായിരിക്കണം. നാവിഗേഷൻ ലൈറ്റുകൾ വേണം, എമർജൻസി അലാം വേണം. ആഢംബര യോട്ടുകളിൽ ലൈഫ് ക്രാഫ്റ്റുകളുണ്ട്. യോട്ട് തകരുകയോ മുങ്ങുകയോ ചെയ്താൽ ലൈഫ് ക്രാഫ്റ്റുകൾ ചെറിയ ബോട്ടുകളായി മാറും. അതിൽ കയറി യാത്രക്കാർക്കു രക്ഷപ്പെടാം.

അപകടം ആദ്യം ലൈഫ് ഗാർഡ് അറിയും

കോസ്റ്റ് ഗാർഡിന്റെ നിരീക്ഷണ ഉപകരണം ഓരോ ബോട്ടിലും സ്ഥാപിക്കും. ബോട്ടിന്റെ ദിശ, വിവരങ്ങൾ അപ്പപ്പോൾ കോസ്റ്റ് ഗാർഡിന്റെ കൺട്രോൾ റൂമിൽ അറിയും. ബോട്ട് മുങ്ങാൻ തുടങ്ങുകയാണെങ്കിൽ ആ നിമിഷം കോസ്റ്റ് ഗാർഡ് അറിഞ്ഞിരിക്കും, കോസ്റ്റ് ഗാർഡിന്റെ സന്ദേശം അപകടമുണ്ടാകാൻ പോകുന്ന ബോട്ടിലേക്കും പൊലീസിലും സിവിൽ ഡിഫൻസിലും ലഭിക്കും. ഈ സമയം, കോസ്റ്റ് ഗാർഡിന്റെ ആകാശ നിരീക്ഷണ സംഘം ബോട്ടിനെ കണ്ടെത്തിയിട്ടുണ്ടാകും. പാരച്യൂട്ട് ഉയർത്തി നിരീക്ഷകരുടെ ശ്രദ്ധ ആകർഷിക്കുന്നതിനുള്ള സംവിധാനവും യോട്ടുകളിലുണ്ട്. 

ഓരോ വർഷവും പരിശോധന
ഓരോ വർഷവും ലൈസൻസ് പുതുക്കണം. നിയമ പ്രകാരമുള്ള എല്ലാ സുരക്ഷാ ഒരുക്കങ്ങളും പരിശോധിച്ച് ഉറപ്പു വരുത്തി മാത്രമേ ലൈസൻസ് പുതുക്കി നൽകൂ. ബോട്ടിനും ജീവനക്കാർക്കും യാത്രക്കാർക്കും ഇൻഷുറൻസ് നിർബന്ധം. 
  യാത്രക്കാർക്ക് അപകടത്തിൽ പരുക്ക് പറ്റിയാലും ഇൻഷുറൻസ് ലഭിക്കും. ഇത്രയും പരിശോധന പൂർത്തിയാക്കി ലൈസൻസ് പുതുക്കിയാലും ഇടയ്ക്ക് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയുണ്ടാകും. തീയണയ്ക്കാനുള്ള സംവിധാനം, ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ തുടങ്ങിയവയുടെ എക്സ്പെയറി ഡേറ്റ് എന്നിവ പരിശോധിച്ച് ഉറപ്പാക്കും. രണ്ടു വർഷം കൂടുമ്പോൾ ബോട്ട് കരയ്ക്കു കയറ്റി (ഡ്രൈഡോക്ക്) അറ്റകുറ്റ പ്രവൃത്തി നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!