വിവാദങ്ങളില്ലാത്ത കാലം; ജനകീയ കലക്ടർ സ്വാഗത് പടിയിറങ്ങി

കാസർകോട്: വിവാദങ്ങൾക്ക് അവധി നൽകി, അതേസമയം പ്രശ്നങ്ങളിൽ കരുതലോടെ ഇടപെട്ട കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് പടിയിറങ്ങി. മേയ് 15നാണ് പുതിയ കലക്ടർ എത്തുക. അതുവരെ അവധിയിലാണ്. സ്വാഗത് എന്നാണ് പേരെങ്കിലും മുഴുവൻ പേരായ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് എന്ന് തന്നെ അവർ അറിയപ്പെട്ടു. ‘ഭണ്ഡാരി എന്റെ സർ നെയിം ആണ്. ജൈനമത വിഭാഗത്തിൽ ജനിച്ചതിനാൽ കാസ്റ്റ് ഇല്ല. രൺവീർ ചന്ദ് അച്ഛന്റെ പേരാണ്’ -അവർ പറഞ്ഞു. വില്ലേജ് ഓഫിസുകളിൽ നേരിട്ടുചെന്ന് പരിശോധനകൾ നടത്തി ഏറ്റവും കൂടുതൽ പേർക്ക് ആശ്വാസമായി മാറിയ കലക്ടർ. വിവാദങ്ങളിലോ വ്യക്തിതാൽപര്യങ്ങളിലോ മാധ്യമ പ്രചാരണത്തിലോ അവർ താൽപര്യം കാണിച്ചില്ല. ജനങ്ങളുടെ പ്രശ്നങ്ങൾ പരമാവധി പരിഹരിക്കാൻ ശ്രമിച്ചു. വിവാദ വിഷയങ്ങളിൽ നിന്നും വിട്ടുനിന്നു. രണ്ടു വർഷത്തെ സേവനത്തിനിടെ ആർക്കും പിടികൊടുത്തില്ല. രാഷ്ട്രീയ സമ്മർദത്തിനും വഴങ്ങിയില്ല.

