കളമശേരിയിൽ ഡോക്ടർക്കുനേരെ യുവാവിന്റെ ആക്രമണം; അസഭ്യവർഷവും

കൊച്ചി ∙ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർക്കുനേരെ യുവാവിന്റെ ആക്രമണം. അപകടത്തിൽ പരുക്കേറ്റ് എത്തിയ വട്ടേകുന്ന് സ്വദേശി ഡോയൽ ആണ് ആശുപത്രിയിൽ അതിക്രമം നടത്തിയത്. രാത്രി 10.50 ഓടെയാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. യുവാവിനെതിരെ കളമശേരി പൊലീസ് കേസെടുത്തു. പ്രതി ആശുപത്രിയിലെത്തിയ സമയം ഡോക്ടർ മറ്റു രോഗികളെ പരിശോധിക്കുകയായിരുന്നു. തുടർന്ന് യാതൊരു പ്രകോപനവുമില്ലാതെ ഡോയൽ ഡോക്ടർക്കുനേരെ മോശമായ പദപ്രയോഗങ്ങളും വധഭീഷണിയും മുഴക്കി. പിന്നാലെ ഡോക്ടറെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ഇതോടെ ഡോക്ടർ പൊലീസിൽ അറിയിക്കുകയായിരുന്നു. പ്രതി മദ്യലഹരിയിലാണോ എന്ന് പരിശോധിക്കുന്നുണ്ട്.

