ആരോഗ്യ വകുപ്പില്‍ സൗജന്യ ഹൃദയ ശസ്ത്രക്രിയ ആഴ്‌ചയില്‍ ഒരിക്കല്‍ ചെയ്യാന്‍ തയ്യാര്‍: ഡോ. ജോസ് ചാക്കോ പെരിയപ്പുറം

കൊച്ചി > ആരോഗ്യ വകുപ്പില്‍ സൗജന്യ ഹൃദയ ശസ്ത്രക്രിയ ആഴ്ചയില്‍ ഒരു ദിവസം ചെയ്യാന്‍ തയ്യാറാണെന്ന് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ കേരളത്തിലെ തുടക്കക്കാരനായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം സന്നദ്ധത അറിയിച്ചത്. ആരോഗ്യ വകുപ്പിന് താത്പര്യം ഉണ്ടെങ്കില്‍ സുരക്ഷിതമായി സര്‍ജറി ചെയ്യാന്‍ സൗകര്യം ചെയ്താല്‍ മാത്രം മതിയെന്നും, സ്വന്തം ടീമിനൊപ്പം ശസ്ത്രക്രിയ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധനും മെഡിക്കല്‍ എഴുത്തുകാരനുമാണ് ജോസ് ചാക്കോ പെരിയപ്പുറം. കേരളത്തിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത് അദ്ദേഹമാണ്. റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് ഓഫ് എഡിന്‍ബറോ, റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് ഓഫ് ഗ്ലാസ്ഗോ, റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് ഓഫ് ലണ്ടന്‍ എന്നിവയിലെ അംഗമാണ് പെരിയപ്പുറം. 2011 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.

