KSDLIVENEWS

Real news for everyone

കോഴിക്കോട്ട് ആംബുലൻസിന് വഴി നൽകാതെ കാർ; തുടർച്ചയായി ബ്രേക്കിട്ടു

SHARE THIS ON

കോഴിക്കോട്∙ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി ബാലുശേരി താലൂക്ക് ആശുപത്രിയിൽനിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോവുകയായിരുന്ന ആംബുലൻസിനു കിലോമീറ്ററുകളോളം മാർഗ തടസ്സം സൃഷ്ടിച്ച് സ്വകാര്യ കാർ. കണ്ണാടിപ്പൊയിൽ സ്വദേശിയായ രോഗിയുമായി പോവുകയായിരുന്നു താലൂക്ക് ആശുപത്രിയിലെ ആംബുലൻസ്. രക്ത സമ്മർദം കുറഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്നു രോഗി. ചേളന്നൂർ 7/6 മുതൽ കക്കോടി ബൈപാസ് വരെയാണ് കാർ പ്രയാസം സൃഷ്ടിച്ചത്. സൈറൺ മുഴക്കി ഓടുന്ന ആംബുലൻസ് നിരന്തരം ഹോൺ മുഴക്കിയിട്ടും കാർ റോഡിന്റെ നടുവിൽനിന്ന് മാറ്റിയില്ല. ഇടയ്ക്ക് ബ്രേക്കിടുകയും ചെയ്തതായി ആംബുലൻസിൽ ഉണ്ടായിരുന്നവർ പറഞ്ഞു. കാർ തുടർച്ചയായി ബ്രേക്കിട്ടതോടെ രോഗിയുടെ ബന്ധുക്കൾ ആംബുലൻസിനുള്ളിൽ തെറിച്ചു വീഴുന്ന സാഹചര്യവും ഉണ്ടായി. വൺവേ ആയ കക്കോടി ബൈപാസിൽ വച്ചാണ് ഒടുവിൽ ആംബുലൻസിനു കാറിനെ മറികടക്കാനായത്.  കാർ കാരണം വിലപ്പെട്ട കുറേയേറെ സമയം നഷ്ടമായെന്നു രോഗിയുടെ ബന്ധുക്കൾ പറഞ്ഞു. നിരന്തരം പ്രയാസം സൃഷ്ടിച്ചതോടെ ആംബുലൻസിനുള്ളിൽ ഉണ്ടായിരുന്നവർ കാറിന്റെ വിഡിയോ പകർത്തി. നടപടി ആവശ്യപ്പെട്ട് കാറിന്റെ ദൃശ്യങ്ങൾ സഹിതം രോഗിയുടെ ബന്ധുക്കൾ പൊലീസിലും നന്മണ്ട എസ്ആർടിഒ അധികൃതർക്കും പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!