KSDLIVENEWS

Real news for everyone

ആംബുലന്‍സിന്റെ വഴിമുടക്കിയ സംഭവം; കാറുടമയുടെ ലൈസന്‍സ് മൂന്നുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്യും

SHARE THIS ON

കോഴിക്കോട്: ബാലുശ്ശേരിയില്‍ കാര്‍ ആംബുലന്‍സിന്റെ വഴിമുടക്കിയ സംഭവത്തില്‍ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. വാഹന ഉടമ കോഴിക്കോട് സ്വദേശി തരുണിന്റെ ലൈസന്‍സ് മൂന്നുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്യും. മെഡിക്കല്‍ കോളേജിലെ പാലിയേറ്റീവ് പരിചരണ കേന്ദ്രത്തില്‍ തരുണ്‍ സേവനം ചെയ്യുകയും വേണം.സുപ്രീംകോടതി നിര്‍ദേശപ്രകാരം ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതിന് ശേഷമുള്ള തുടര്‍ നടപടിയാണിത്. ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലന്‍സിന് കിലോമീറ്ററുകളോളമാണ് തരുണിന്റെ കാര്‍ മാര്‍ഗതടസം സൃഷ്ടിച്ചത്. രക്ത സമ്മര്‍ദം കുറഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്നു രോഗിയുമായി കോഴിക്കോട് ബാലുശേരി താലൂക്ക് ആശുപത്രിയില്‍നിന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോവുകയായിരുന്നു ആംബുലന്‍സ്. ചേളന്നൂര്‍ 7/6 മുതല്‍ കക്കോടി ബൈപാസ് വരെയാണ് കാര്‍ പ്രയാസം സൃഷ്ടിച്ചത്. സൈറണ്‍ മുഴക്കി ഓടുന്ന ആംബുലന്‍സ് നിരന്തരം ഹോണ്‍ മുഴക്കിയിട്ടും വഴിമാറിക്കൊടുക്കാതെ പായുകയായിരുന്നു കാര്‍. ഇടയ്ക്ക് ബ്രേക്കിടുകയും ചെയ്തതായി ആംബുലന്‍സില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞു. കാര്‍ തുടര്‍ച്ചയായി ബ്രേക്കിട്ടതോടെ രോഗിയുടെ ബന്ധുക്കള്‍ ആംബുലന്‍സിനുള്ളില്‍ തെറിച്ചു വീഴുന്ന സാഹചര്യവും ഉണ്ടായി. ആംബുലന്‍സിന് മുന്നില്‍ നിന്ന് മാറാതെ തടസം സൃഷ്ടിച്ചതോടെ ആംബുലന്‍സിനുള്ളില്‍ ഉണ്ടായിരുന്നവര്‍ കാറിന്റെ വിഡിയോ പകര്‍ത്തി. വണ്‍വേ ആയ കക്കോടി ബൈപാസില്‍ വച്ചാണ് ഒടുവില്‍ ആംബുലന്‍സിനു കാറിനെ മറികടക്കാനായത്. അതുവരെ കാര്‍ അഭ്യാസം തുടരുകയായിരുന്നു. നടപടി ആവശ്യപ്പെട്ട് കാറിന്റെ ദൃശ്യങ്ങള്‍ സഹിതം രോഗിയുടെ ബന്ധുക്കള്‍ പൊലീസിലും നന്മണ്ട എസ്‌ആര്‍ടിഒ അധികൃതര്‍ക്കും പരാതി നല്‍കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!