യു.ഡി.എഫ് എന്ന ദുരന്തം അവസാനിപ്പിച്ചു തുടങ്ങിയതാണ്; ഏഴ് വര്‍ഷം ഒരു വീഴ്ചയും ചൂണ്ടിക്കാട്ടാനില്ല- പിണറായി

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ സമാപന സമ്മേളനത്തില്‍ യുഡിഎഫിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. 2016-ല്‍ യുഡിഎഫ് എന്ന ദുരന്തത്തെ അവസാനിപ്പിച്ച് തുടങ്ങിയ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഏഴ് വര്‍ഷം ഒരു വീഴ്ചയും ചൂണ്ടിക്കാട്ടാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളില്‍ നിന്ന് തീര്‍ത്തും ഒറ്റപ്പെട്ട് പോകുമെന്ന സംശയം ആക്ഷേപങ്ങള്‍ ഉന്നയിച്ച് വന്നവര്‍ക്ക് ഉണ്ടായിതുടങ്ങിയിരിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ആക്ഷേപങ്ങള്‍ ഉന്നയിക്കാന്‍ തിരുവനന്തപുരത്ത് ഇന്ന് യുഡിഎഫ് ഒരു സമരപരിപാടി നടത്തുകയുണ്ടായി. യുഡിഎഫും ബിജെപിയും ഒരേ മനസ്സോടെ എല്‍ഡിഎഫ് സര്‍ക്കാരിനെ എതിര്‍ക്കാന്‍ തയ്യാറാകുന്നുവെന്നതാണ് ഇതിലൊക്കെ കാണാന്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ഒരു സര്‍ക്കാര്‍ അതിന്റേതായ പ്രവര്‍ത്തനം നടത്തുമ്പോള്‍ അതില്‍ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകളോ കുറവുകളോ ഉണ്ടായാല്‍ ചൂണ്ടിക്കാണിക്കുന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ കഴിഞ്ഞ ഏഴ് വര്‍ഷക്കാലത്തെ അനുഭവത്തില്‍ അത്തരത്തിലുള്ള ഒരു വീഴ്ചയും ഈ പറയുന്നവര്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ ഉണ്ടായിരുന്നില്ല. മറിച്ച് കെട്ടിപ്പൊക്കുന്ന അപവാദങ്ങളിലാണ് കേന്ദ്രീകരിച്ചത്. നുണകള്‍ പലയാവര്‍ത്തി പ്രചരിപ്പിക്കുക. അതിന് വലത്പക്ഷ മാധ്യമങ്ങളും കൂട്ടുനില്ക്കുക എന്നതാണ് കണ്ടത്.എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കാന്‍ പുറപ്പെട്ട എല്ലാ പദ്ധതികളും തുരങ്കംവെക്കാന്‍ മാത്രമേ യുഡിഎഫും ബിജെപിയും ശ്രമിച്ചിട്ടുള്ളൂ. സര്‍ക്കാരിനെ പ്രത്യേകരീതിയില്‍ അക്രമിക്കാന്‍ കേന്ദ്രഭരണം ഉണ്ട് എന്നുള്ളതുകൊണ്ട് ഇവിടുത്തെ ബിജെപിയെ കൂട്ട് പിടിച്ചുള്ള നെറികേടുകളും കണ്ടതാണ്’ പിണറായി പറഞ്ഞു. ജനങ്ങള്‍ കാര്യങ്ങള്‍ വിലയിരുത്തുന്നത് അവരുടെ സ്വന്തം അനുഭവത്തിലൂടെയാണ്. 2016-ല്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരും 2021-ല്‍ അധികാരമേറ്റ എല്‍ഡിഎഫ് സര്‍ക്കാരും നാടിന്റെ വലിയ ദുരന്തമാണെന്ന് ഉന്നയിക്കുന്നത് കേട്ടു. ഈ പറഞ്ഞ ജനങ്ങളുടെ അനുഭവത്തില്‍ അവര്‍ പരിശോധിച്ച് വിധി രേഖപ്പെടുത്തിയതാണ്. 2016ന് മുമ്പുള്ള കേരളം എന്തായിരുന്നുവെന്ന് ആരും മറന്നുപോയിട്ടില്ല. ചിലരെ അത് ഓര്‍മിപ്പിക്കേണ്ടതുണ്ട്. എല്ലാ മേഖലയിലും നാടിനെ പിറകോട്ടടിപ്പിച്ചു. അഴിമതി കൊടിക്കുത്തി വാഴുന്ന അവസ്ഥയുണ്ടായി. നാടിന്റെ പുരോഗതിക്കുള്ള ഒരു കാര്യവും നടക്കാതെയായി ഇത്തരമൊരു സാഹചര്യം യുഡിഎഫ് സൃഷ്ടിച്ചതായിരുന്നു. ആ യുഡിഎഫാണ് പറയുന്നത് 2016ന് ശേഷം കേരളം വലിയ ദുരന്തമാണ് നേരിടുന്നതെന്ന്. ദുരന്തങ്ങള്‍ അനുഭവിച്ചിട്ടുണ്ടെങ്കിലും അതെല്ലാം അതിജീവിച്ച് മുന്നേറികൊണ്ടിരിക്കുകയാണ്. 2016-ല്‍ യുഡിഎഫ് എന്ന ദുരന്തം അവസാനിപ്പിച്ചാണ് തുടങ്ങിയത്. നടക്കില്ല എന്ന് പറഞ്ഞ കാര്യങ്ങളും സംസ്ഥാനം ഉപേക്ഷിച്ച കാര്യങ്ങളും നടപ്പാക്കുന്ന നിലയാണ് എല്‍ഡിഎഫ് ഭരണത്തില്‍ ഉണ്ടായത്. സര്‍ക്കാരിനെ എതിര്‍ക്കുന്നവര്‍ക്ക് സംസാരിക്കുന്ന കണക്കുകള്‍ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്ഷത്തിനേക്കാള് കേരളത്തിന്റെ ജിഡിപി 12.01 ശതമാനം ഉയര്‍ന്നു. 2016-ല്‍ നാട്ടിലെ യുവാക്കള്‍ വല്ലാത്ത നിരാശയിലായിരുന്നു. അതെല്ലാം മാറി. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ വന്നു. എല്ലാംമേഖലയിലും പുരോഗതിയുണ്ടായി. നാടിന്റെ യഥാര്‍ത്ഥ പവിത്രത തിരിച്ചെടുക്കാനായി. രാജ്യത്ത് ഏറ്റവും കുറഞ്ഞ അഴിമതിയുള്ള സംസ്ഥാനം കേരളമാണെന്ന് ഇന്ത്യാ രാജ്യം സാക്ഷ്യപ്പെടുത്തുന്ന നിലയുണ്ടായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇവിടെ അര്‍ഹതയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. തെറ്റ് ആര് ചെയ്താലും കര്‍ശന നടപടിയുമായി മുന്നോട്ട്പോകും. കൃത്യമായ കരാറുകളിലൂടെയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. കെട്ടിപ്പൊക്കുന്ന ആരോപണങ്ങള്‍ക്ക് അതുകൊണ്ടാണ് വിശ്വാസ്യത കിട്ടാതെ പോയത്. ഇവിടെ പദ്ധതി നടപ്പിലാക്കുന്നവര്‍ക്ക് ആ പദ്ധതിക്ക് വേണ്ട പണമല്ലാതെ മറ്റെവിടെയെങ്കിലും വിഹിതം കൊടുക്കേണ്ട ഗതികേട് ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

