കെ ഫോണ്‍ ഹൈ സ്പീഡില്‍ മുന്നോട്ട്, ജില്ലയില്‍ 1528 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തനമാരംഭിച്ചു

പാലക്കാട്: ടെലികോം മേഖലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോണ്‍ ഹൈ സ്പീഡില്‍ മുന്നോട്ട്. 20 ലക്ഷം കുടുംബത്തിന് സൗജന്യ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉറപ്പാക്കുന്ന പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം ജൂണ്‍ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ഒറ്റ ഇന്റര്‍നെറ്റ് ശൃംഖലയില്‍ ബന്ധിപ്പിച്ചുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ജില്ലയില്‍ 1528 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കെ ഫോണ്‍ പ്രവര്‍ത്തനമാരംഭിച്ചു. ആദ്യഘട്ടമായി 2,108 സ്ഥാപനങ്ങളിലാണ് കെ ഫോണ്‍ സ്ഥാപിക്കേണ്ടത്. ഒരു മാസത്തിനകം ബാക്കിയുള്ള സ്ഥലത്തും പ്രവര്‍ത്തനം തുടങ്ങും. അട്ടപ്പാടി, നെല്ലിയാമ്ബതി, പാലക്കാട് നഗരം എന്നിവിടങ്ങള്‍ ഒഴികെ കെ ഫോണെത്തി. ഈ പ്രദേശങ്ങളില്‍ ജോലികള്‍ അന്തിമ ഘട്ടത്തിലാണ്. 273 കിലോമീറ്റര്‍ കേബിള്‍ 273 കിലോമീറ്ററില്‍ ഒപ്റ്റിക്കല്‍ കേബിള്‍ വലിച്ചുകഴിഞ്ഞു. വൈദ്യുതി തൂണുകളിലൂടെ 2,640 കിലോമീറ്ററില്‍ 1,784 കിലോമീറ്റര്‍ പൂര്‍ത്തിയായി. തൂണുകളിലൂടെയുള്ള കേബിളുകളില്‍ സ്ട്രീറ്റ് ബോക്സ് ഘടിപ്പിച്ചു. 39 ബോക്സാണ് ഇതിനായി സ്ഥാപിച്ചിരിക്കുന്നത്. വൈദ്യുതിക്കാലുകളിലൂടെ വലിക്കുന്ന കേബിളുകളില്‍ സ്ട്രീറ്റ് ബോക്സുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയായി. മേല്‍പ്പാലങ്ങള്‍, റെയില്‍പ്പാളങ്ങള്‍ എന്നിവയ്ക്ക് മുകളിലൂടെ വയറുകള്‍ വലിക്കാനുള്ള തടസം നീക്കിയതോടെയാണ് പദ്ധതി വേഗത്തിലായത്. 1347 കുടുംബങ്ങള്‍ക്ക് സൗജന്യം ആദ്യഘട്ടത്തില്‍ ജില്ലയിലെ 1,347 ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കെ ഫോണ്‍ കണക്ഷന്‍ സൗജന്യമായി ലഭിക്കും. കേരള വിഷനാണ് വീടുകളിലേക്ക് ലൈന്‍ വലിക്കുന്നത്. കുടുംബങ്ങളുടെ പട്ടിക സര്‍ക്കാര്‍ നേരത്തേ കെ ഫോണ്‍ അധികൃതര്‍ക്ക് നല്‍കിയിരുന്നു. പട്ടികയിലുള്ള പരിശോധന പൂര്‍ത്തിയായി. ജില്ലയിലെ കേബിള്‍ ശൃംഖലയിലെ പ്രധാന കേന്ദ്രം പറളിയിലാണ്. ഒറ്റപ്പാലം, പത്തിരിപ്പാല, പഴയന്നൂര്‍, വെണ്ണക്കര, നെന്മാറ, കണ്ണംപുള്ളി, വടക്കഞ്ചേരി, ചിറ്റടി എന്നീ ഉപകേന്ദ്രങ്ങള്‍ വഴിയാണ് കൂടുതല്‍ പ്രദേശത്തേക്ക് ആദ്യഘട്ടം കേബിള്‍ ശൃംഖല എത്തിക്കുന്നത്.

