പാസാക്കിയ ബില്ലുകള്‍ അനുമതി കിട്ടാതെ കിടന്നു’; ഗവര്‍ണറെ വേദിയിലിരുത്തി മുഖ്യമന്ത്രിയുടെ ഒളിയമ്പ്

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ മന്ദിരത്തിന്റെ രജത ജൂബിലി ആഘോഷ ഉദ്ഘാടന വേദിയില്‍ ഗവര്‍ണര്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് അനുമതി നല്‍കാതെ കാലതാമസം വരുത്തുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ പങ്കെടുത്ത പരിപാടിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വേദിയിലിരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. കേരള നിയമസഭയിലുണ്ടായ നിയമങ്ങളുടെ ചുവടുപിടിച്ച് മറ്റ് സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രവും നിയമങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പരോക്ഷപരാമര്‍ശം. ‘നേട്ടങ്ങള്‍ എണ്ണിപ്പറയുമ്പോഴും കേരള നിയമസഭ പാസാക്കിയ ചില ബില്ലുകള്‍ അനുമതി കിട്ടാതെ കിടന്ന കാര്യവും അനുമതി കാര്യത്തില്‍ അനിശ്ചിതമായ കാലതാമസം ഉണ്ടാവുന്ന കാര്യവും വിസ്മരിക്കാനാവില്ല’, മുഖ്യമന്ത്രി പറഞ്ഞു. ആധുനിക ഇന്ത്യന്‍ ഭരണഘടനയുടെ മൂന്ന് ശാഖകളായ ലെജിസ്ലേച്ചര്‍, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവയില്‍ ഒന്ന് മറ്റൊന്നിന്റെ അധികാരപരിധിയില്‍ കൈകടത്തുന്നുവെന്ന ആക്ഷേപം ഉയര്‍ന്നുവരുന്നുണ്ടെന്ന് മുഖ്യമന്ത്രി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. അത്തരം ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

