CCTV-യിലെ ആളെ തിരിച്ചറിഞ്ഞതായി സൂചന, വിവരങ്ങള്‍ തേടി എന്‍.ഐ.എ.യും; രണ്ടിടത്തും പെട്രോളിയം ഡിപ്പോ
കണ്ണൂര്‍: റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീപിടിച്ച സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) വിവരങ്ങള്‍ ശേഖരിക്കുന്നു. റെയില്‍വേയില്‍നിന്നും പോലീസില്‍നിന്നുമാണ് എന്‍.ഐ.എ. സംഘം വിവരങ്ങള്‍ തേടിയത്. നിലവില്‍ എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ അന്വേഷണം നടത്തുന്നത് എന്‍.ഐ.എ.യാണ്. എലത്തൂരില്‍ തീവെപ്പുണ്ടായ അതേ ട്രെയിനിലാണ് കണ്ണൂരില്‍ തീപ്പിടിത്തമുണ്ടായതെന്നതും സംഭവത്തിലെ ദുരൂഹതകളും എന്‍.ഐ.എ. പരിശോധിച്ചുവരികയാണ്. അതേസമയം, തീപ്പിടിത്തമുണ്ടാകുന്നതിന് തൊട്ടുമുന്‍പ് ട്രെയിനിന് സമീപത്ത് കണ്ടയാളെ പോലീസ് തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. റെയില്‍വേ ട്രാക്കിന് സമീപത്തെ ബി.പി.സി.എല്‍ ഇന്ധന ഡിപ്പോയുടെ സിസിടിവി ക്യാമറകളില്‍നിന്നാണ് ട്രെയിനിന് സമീപത്തുകൂടെ ഒരാള്‍ നടന്നുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. ഇയാളെ പോലീസ് തിരിച്ചറിഞ്ഞതായാണ് സൂചന. ഇയാള്‍ കസ്റ്റഡിയിലാണെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ തീപ്പിടിത്തമുണ്ടായത്. ട്രെയിനിന്റെ പിറകിലുള്ള ജനറല്‍കോച്ചിലാണ് തീ ആളിപ്പടര്‍ന്നത്. ഒരു കോച്ച് പൂര്‍ണമായും കത്തിനശിച്ചു. തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ടയുടന്‍ മറ്റുകോച്ചുകള്‍ വേര്‍പ്പെടുത്തിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. ശ്രദ്ധയില്‍പ്പെട്ടത് ഒന്നേകാലോടെ, ഒരുമണിക്കൂറോളം നിന്ന് കത്തി… പുലര്‍ച്ചെ ഒന്നേകാലോടെയാണ് ട്രെയിനിലെ തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ടതെന്നായിരുന്നു സംഭവം ആദ്യം കണ്ട റെയില്‍വേ പോര്‍ട്ടര്‍മാരുടെ പ്രതികരണം. ”ഒന്നേകാലിനാണ് സംഭവം കണ്ടത്. ആദ്യം പുക കണ്ടു. എന്താണെന്ന് ആദ്യം മനസിലായില്ല. മാലിന്യം കത്തിച്ചതാണെന്നാണ് കരുതിയത്. അല്പസമയത്തിന് ശേഷം കോച്ചില്‍നിന്ന് തീ വരുന്നത് കണ്ടു. ഇതോടെ സ്‌റ്റേഷന്‍ അധികൃതരെ വിവരമറിയിച്ചു. സൈറണ്‍ മുഴക്കി. അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ഒരുമണിക്കൂറോളം കോച്ച് നിന്ന് കത്തി. അതിനുശേഷമാണ് തീ പൂര്‍ണമായും അണയ്ക്കാനായത്”- റെയില്‍വേ പോര്‍ട്ടര്‍മാര്‍ പറഞ്ഞു. കണ്ണൂരില്‍ കത്തിനശിച്ച എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിന്റെ കോച്ച് | ഫോട്ടോ: സി.സുനില്‍കുമാര്‍/മാതൃഭൂമി ഒരുകോച്ച് മുഴുവന്‍ ഇങ്ങനെ കത്തണമെങ്കില്‍ എന്തെങ്കിലും ഇന്ധനമോ സ്‌ഫോടകവസ്തുവോ ഉപയോഗിച്ചിട്ടുണ്ടാകുമെന്നാണ് പോര്‍ട്ടര്‍മാര്‍ പറയുന്നത്. മറ്റുകോച്ചുകള്‍ വേര്‍പ്പെടുത്തിയതിനാല്‍ തീപടര്‍ന്നില്ലെന്നും വലിയ അപകടമുണ്ടായില്ലെന്നും ഇവര്‍ പറഞ്ഞു. വിശദമായ പരിശോധന, സിസിടിവി ദൃശ്യങ്ങള്‍…. തീപ്പിടിത്തമുണ്ടായ യാര്‍ഡില്‍നിന്ന് മീറ്ററുകള്‍ക്ക് അകലെയാണ് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ ഇന്ധന ഡിപ്പോയുള്ളത്. ഇവിടെനിന്നുള്ള സിസിടിവി ക്യാമറകളില്‍നിന്നാണ് ട്രെയിനിന് സമീപത്തുകൂടെ ഒരാള്‍ പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. എന്നാല്‍ ദൃശ്യങ്ങളില്‍ വ്യക്തതയുണ്ടായിരുന്നില്ല. തീപ്പിടിത്തമുണ്ടായ കോച്ചില്‍ വ്യാഴാഴ്ച രാവിലെ ഫൊറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. കോച്ചില്‍നിന്ന് മണംപിടിച്ച പോലീസ് നായ ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നതിന് സമീപത്തെ കുറ്റിക്കാട്ടിലേക്കാണ് ഓടിപ്പോയത്. അടിമുടി ദുരൂഹത, എലത്തൂരിലും കണ്ണൂരിലും പെട്രോളിയം ഡിപ്പോകള്‍… എലത്തൂരിലെ ട്രെയിന്‍ തീവെപ്പിന് രണ്ടുമാസം തികയുന്ന വേളയില്‍ അതേ ട്രെയിനില്‍ തന്നെ വീണ്ടും തീപ്പിടിത്തമുണ്ടായത് അടിമുടി ദുരൂഹതയുണര്‍ത്തുന്നതാണ്. എലത്തൂര്‍ ട്രെയിന്‍ തീവെപ്പിന് തീവ്രവാദബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ എന്‍.ഐ.ഐ. അന്വേഷണം ഏറ്റെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് കണ്ണൂരിലെ തീപ്പിടിത്തവും സംശയത്തിനിടയാക്കുന്നത്. രാത്രി 12 മണിയോടെയാണ് ആലപ്പുഴയില്‍നിന്നെത്തിയ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ കോച്ചുകള്‍ യാര്‍ഡിലേക്ക് മാറ്റിയത്. വ്യാഴാഴ്ച പുലര്‍ച്ചെ 5.10-ന് കണ്ണൂരില്‍നിന്ന് തിരികെ ആലപ്പുഴയിലേക്ക് സര്‍വീസ് നടത്താനുള്ള കോച്ചുകളായിരുന്നു ഇത്. എന്നാല്‍ ഒരുമണിയോടെ ട്രെയിനിലെ ജനറല്‍കോച്ചുകളില്‍ ഒന്നില്‍ തീപ്പിടിക്കുകയായിരുന്നു. നേരത്തെ എലത്തൂരില്‍ തീവെപ്പുണ്ടായ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ രണ്ട് കോച്ചുകളും നിലവില്‍ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ യാര്‍ഡിലാണുള്ളത്. കണ്ണൂരിലെ തീപ്പിടിത്തം അട്ടിമറിയാണെന്നാണ് റെയില്‍വേ അധികൃതരുടെ സംശയം. രണ്ടുമാസത്തിനിടെ ഒരേ ട്രെയിനില്‍ സമാനരീതിയിലുള്ള സംഭവങ്ങളുണ്ടാകുന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. ഹിന്ദുസ്ഥാന്‍ പെട്രോളിയം ഡിപ്പോയ്ക്ക് സമീപമാണ് എലത്തൂരില്‍ ട്രെയിനില്‍ തീവെപ്പുണ്ടായതെന്നത് വലിയ ആശങ്കയ്ക്കും സംശയത്തിനും ഇടയാക്കിയിരുന്നു. ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് എലത്തൂരിലെ പെട്രോളിയം ഡിപ്പോയ്ക്ക് സമീപമെത്തിയപ്പോളാണ് അക്രമി ട്രെയിനില്‍ തീവെച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ കണ്ണൂരില്‍ തീപ്പിടിത്തമുണ്ടായ സ്ഥലത്തിന് സമീപവും മറ്റൊരു പെട്രോളിയം ഡിപ്പോ സ്ഥിതിചെയ്യുന്നുവെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. കണ്ണൂരില്‍ ട്രെയിനിന് തീപ്പിടിച്ച സ്ഥലത്തുനിന്ന് ഏതാനും മീറ്ററുകള്‍ക്ക് അകലെയായി ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ ഇന്ധനസംഭരണ ശാലയാണുള്ളത്