11 വയസ്സുകാരനെ തെരുവുനായ കടിച്ചു കൊന്ന സംഭവം: ദാരുണം, ഞെട്ടിക്കുന്നതെന്ന് മന്ത്രി എംബി രാജേഷ്

കണ്ണൂര്‍: കണ്ണൂരില്‍ 11 വയസ്സുകാരനെ തെരുവുനായ കടിച്ചു കൊന്ന സംഭവം ദാരുണമെന്ന് മന്ത്രി എംബി രാജേഷ്. കുഞ്ഞിനെ കടിച്ചു കൊന്ന സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് മന്ത്രി പ്രതികരിച്ചു. എബിസി കേന്ദ്രങ്ങള്‍ തുടങ്ങാനാകാതെ പോയത് പ്രാദേശിക എതിര്‍പ്പ് കാരണമെന്നും മന്ത്രി പറഞ്ഞു. കണ്ണൂര്‍ മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപമാണ് സംഭവം. നിഹാല്‍ നൗഷാദ് ആണ് തെരുവുനായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഭിന്നശേഷിക്കാരനായ നിഹാലിന് സംസാര ശേഷി ഇല്ല. വൈകിട്ട് 5 മണിയോടെ ആണ് വീട്ടില്‍ നിന്ന് കുട്ടിയെ കാണാതായത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ വീടിനു അരകിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പറമ്ബില്‍ ആണ് ചോരവാര്‍ന്ന നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. എട്ടരക്ക് ശേഷമാണ് കുട്ടിയെ ആളൊഴിഞ്ഞ പറമ്ബില്‍ നിന്ന് കണ്ടെത്തുന്നത്. കുട്ടിയുടെ മുഖത്തും കൈകാലുകളും കടിച്ചു പറിച്ച പാടുകളുണ്ട്. മുഖത്ത് ആഴത്തിലുള്ള പാടുകളുണ്ട്. വീട്ടുമുറത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതാകുകയായിരുന്നു. പ്രദേശത്ത് തെരുവുനായുടെ ശല്യമുണ്ടായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നുണ്ട്. സംസാര ശേഷിയില്ലാത്ത കുട്ടിയായതിനാല്‍ നിലവിളിക്കാനും സാധിച്ചിട്ടുണ്ടാകില്ല എന്നും നാട്ടുകാര്‍ പറയുന്നു.