500 രൂപക്ക് സിലിണ്ടര്‍, 100 യൂണിറ്റ് സൗജന്യ വൈദ്യതി; മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി കോണ്‍ഗ്രസ്

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ 500 രൂപക്ക് എല്‍പിജി സിലിണ്ടറും 100 യൂണിറ്റ് സൗജന്യ വൈദ്യുതിയും നല്‍കുമെന്ന് പ്രിയങ്ക ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രിയങ്ക.മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ടിരിക്കുകയാണ് കോണ്‍ഗ്രസ്. നര്‍മദ നദീ പൂജയോടെയാണ് പ്രിയങ്ക പ്രചരണം തുടങ്ങിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 21 സര്‍ക്കാര്‍ ജോലികള്‍ മാത്രമാണ് ബി.ജെ.പി നല്‍കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശ് കോണ്‍ഗ്രസിനെ തെരഞ്ഞെടുത്തെങ്കിലും ബി.ജെ.പി സംസ്ഥാനത്ത് വളച്ചൊടിച്ച തന്ത്രങ്ങളിലൂടെ സര്‍ക്കാര്‍ രൂപീകരിച്ചു.വ്യാപത്തിലും റേഷൻ വിതരണത്തിലും അഴിമതിയുണ്ടെന്ന് ആരോപിച്ച പ്രിയങ്ക 220 മാസത്തെ ബി.ജെ.പി ഭരണത്തില്‍ സംസ്ഥാനത്ത് 225 അഴിമതികള്‍ നടന്നിട്ടുണ്ടെന്നും പറഞ്ഞു.ബി.ജെ.പി ഭരണത്തിന് കീഴില്‍ മധ്യപ്രദേശില്‍ വര്‍ധിച്ചുവരുന്ന അഴിമതിയെക്കുറിച്ച് പറഞ്ഞ പ്രിയങ്ക, സംസ്ഥാനത്തെ അഴിമതികളുടെ പട്ടിക പ്രധാനമന്ത്രി പരാമര്‍ശിച്ച തനിക്കെതിരായ അധിക്ഷേപങ്ങളെക്കാള്‍ വലുതാണെന്നും പറഞ്ഞു. മധ്യപ്രദേശിലെ ചില നേതാക്കള്‍ അധികാരത്തിനുവേണ്ടി പാര്‍ട്ടിയുടെ ആശയങ്ങള്‍ ഉപേക്ഷിച്ചുവെന്ന് പേര് പരാമര്‍ശിക്കാതെ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ പ്രിയങ്ക ആഞ്ഞടിച്ചു. സിന്ധ്യയുടെ വിശ്വസ്തരായ എം.എല്‍.എമാര്‍ 2020 മാര്‍ച്ചില്‍ കോണ്‍ഗ്രസ് വിട്ട് കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കുകയും ചൗഹാനെ അധികാരത്തില്‍ തിരിച്ചെത്താൻ വഴിയൊരുക്കുകയും ചെയ്തു.ഹിമാചല്‍ പ്രദേശിലെയും കര്‍ണാടകയിലെയും ജനങ്ങള്‍ ബിജെപിക്ക് തക്ക മറുപടി നല്‍കിയെന്നും പ്രിയങ്ക പറഞ്ഞു.