ഷാജന്‍ സ്‌കറിയ മുന്‍കൂര്‍ ജാമ്യം തേടി കോടതിയില്‍; മറുനാടന്‍ മലയാളിയുടെ സ്‌റ്റേ ആവശ്യം തള്ളി

കൊച്ചി : പി വി ശ്രീനിജിൻ എംഎല്‍എയുടെ പരാതിയില്‍ മറുനാടൻ മലയാളി ഓണ്‍ലൈൻ ചാനലിനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ സ്റ്റേ ചെയ്യണമെന്ന ഷാജൻ സ്കറിയയുടെ ആവശ്യം ഹൈക്കോടതി തള്ളി.
എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന അപേക്ഷയും നിരാകരിച്ചു. എംഎല്‍എയുടെയും സര്‍ക്കാരിന്റെയും വിശദീകരണം കേട്ടശേഷമേ തീരുമാനമെടുക്കാൻ കഴിയൂവെന്ന് കോടതി വ്യക്തമാക്കി. കേസ് 20ലേക്ക് മാറ്റി. ഇതേത്തുടര്‍ന്ന് ഷാജൻ മുൻകൂര്‍ജാമ്യത്തിനായി എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ 15ന് പരിഗണിക്കും.
വ്യാജ വാര്‍ത്തയുണ്ടാക്കി വ്യക്ത്യാധിക്ഷേപം നടത്തുന്നുവെന്ന എംഎല്‍എയുടെ പരാതിയില്‍ പട്ടികജാതി അതിക്രമം തടയല്‍ നിയമത്തിലെ 3 -1 (ആര്‍), 3-1 (യു) വകുപ്പുകളനുസരിച്ചും ഐടി – ഇന്ത്യൻ ശിക്ഷാനിയമങ്ങളിലെ വിവിധ വകുപ്പുകളനുസരിച്ചുമാണ് കഴിഞ്ഞദിവസം എളമക്കര പൊലീസ് കേസെടുത്തത്. മറുനാടൻ മലയാളിയുടെ എഡിറ്റര്‍ ഷാജൻ സ്കറിയ, സിഇഒ ആൻ മേരി ജോര്‍ജ്, ചീഫ് എഡിറ്റര്‍ ജെ റിജു എന്നിവരെ പ്രതികളാക്കിയാണ് കേസ്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മറുനാടൻ മലയാളി തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് പരാതിയിലുണ്ട്. ആസൂത്രിതമായ അജൻഡയുടെ ഭാഗമായാണ് ഇത്തരം വാര്‍ത്തകളുണ്ടാക്കുന്നതെന്ന് സംശയിക്കുന്നതായും എംഎല്‍എ പരാതിയില്‍ പറഞ്ഞിട്ടുണ്ട്.