മണിപ്പൂരിൽ വീണ്ടും സംഘർഷം; രണ്ടിടത്ത് വെടിവയ്പ്പ്, ചുരാചന്ദ്പുരില്‍ യുവാവ് കൊല്ലപ്പെട്ടു

ദില്ലി: സമാധാന ശ്രമങ്ങൾ തുടരുന്നതിനിടെ മണിപ്പൂരിൽ വീണ്ടും സംഘർഷം. ചുരാചന്ദ്പുരിൽ 22 വയസ്സുള്ള യുവാവ് വെടിയേറ്റു കൊല്ലപ്പെട്ടു. കാമൻലോക്കിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ വെടിവയ്പ്പിൽ നാല് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ചുരാചന്ദ്പുരിൽ കുക്കി വിഭാഗത്തിലെ യുവാവാണ് കൊല്ലപ്പെട്ടത്. വെടിയുതിർത്തത് മെയ്തികളെന്ന് ആരോപണം. കരസേനയും അസം റൈഫിൾസും സംഭവസ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്. സമാധാന ശ്രമങ്ങൾക്കായി മണിപ്പൂർ ഗവർണർ ചുരാചന്ദ്പുരിൽ സന്ദർശനം നടത്തുന്നതിനിടയിലാണ് വീണ്ടും അക്രമമുണ്ടായത്. മെയ്തെയ് വിഭാഗത്തിന്‍റെ പട്ടിക വർഗ പദവിയുമായി ബന്ധപ്പെട്ട തർക്കമാണ് മണിപ്പൂരിൽ കലാപത്തിൽ കലാശിച്ചത്. ഗോത്ര വിഭാഗങ്ങളും ഗ്രോത വിഭാഗങ്ങളല്ലാത്തവരും തമ്മിലുള്ള സംഘർഷമാണ് മണിപ്പൂരിൽ നടക്കുന്നത്. ജനസംഖ്യയുടെ 64 ശതമാനമത്തോളം വരുന്ന ഗ്രോത്രതര വിഭാഗമാണ് മെയ്തെയ്. ഇവർ ഭൂരിഭാഗവും ഹിന്ദു സമുദായത്തിൽപ്പെട്ടതാണ്. 35 ശതമാനത്തോളം വരുന്ന നാഗ, കുക്കി വിഭാഗത്തിലുള്ള ഗോത്ര വിഭാഗക്കാർ ഭൂരിഭാഗവും ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ടവരാണ്