KSDLIVENEWS

Real news for everyone

വീട്ടിൽ നിന്നു കടയിലെത്തിയപ്പോൾ ബോണറ്റിൽനിന്നു എന്തോ തലപൊക്കി; സൂക്ഷിച്ചു നോക്കിയപ്പോൾ ഒരു പാമ്പ്; മഴക്കാലമായതിനാൽ നല്ല ശ്രദ്ധ വേണമെന്ന് അധികൃതർ

SHARE THIS ON

കാസർകോട് : ‌പെരിയാട്ടടുക്കത്ത് ഹാർഡ്‌വെയർ കട നടത്തുന്ന പെരിയ വണ്ണാത്തിച്ചാലിലെ അശോകൻ വീട്ടിൽ നിന്നു കടയിലെത്തിയപ്പോഴാണ് ബോണറ്റിൽ നിന്നു എന്തോ തലപൊക്കിയതുപോലെ ശ്രദ്ധയിൽപ്പെട്ടത്. സൂക്ഷിച്ചു നോക്കിയപ്പോൾ ഒരു പാമ്പ്! ഉടൻ തന്നെ പാമ്പുപിടിത്ത വിദഗ്ധൻ പനയാലിലെ കെ.ടി.സന്തോഷിനെ വിളിച്ചു. വണ്ടി ബോണറ്റ് തുറന്നു വെയിലത്തു വയ്ക്കാനായി നിർദേശം. അങ്ങനെ ചെയ്തപ്പോൾ പാമ്പ് വണ്ടിയിൽ നിന്നിറങ്ങി പോവുകയായിരുന്നു.

ഇത് അശോകന്റെ മാത്രം അനുഭവമല്ല. കഴി‍ഞ്ഞ ഒരാഴ്ചയ്ക്കിടെ പാമ്പുകൾ, പ്രത്യേകിച്ച് പാമ്പിൻകുഞ്ഞുങ്ങൾ വീട്ടുമുറ്റങ്ങളിലും നടവഴികളിലും കാണുന്ന സംഭവങ്ങൾ വ്യാപകമാണ്. ഇതു പാമ്പുകളുടെ പ്രജനനകാലമായതാണു പ്രധാനം. മുട്ടകൾ വിരിഞ്ഞ് പാമ്പിൻ കുഞ്ഞുങ്ങൾ പുറത്തുവരുന്ന സമയമാണിത്. മഴ പെയ്തതോടെ, മാളങ്ങളിൽ വെള്ളം കയറി പാമ്പുകൾ പുറത്തിറങ്ങും. ഇവയെ കാണാതെ ചവിട്ടുകയോ മറ്റോ ചെയ്താൽ കടിയേൽക്കാനുള്ള സാധ്യത കൂടുതലാണ്. രാജവെമ്പാല ഉൾപ്പെടെയുള്ള വിഷപ്പാമ്പുകൾ ജില്ലയിൽ കണ്ടെത്തിയിട്ടുണ്ട്.

പരിസരം വൃത്തിയാക്കാം

കാറിന്റെയും ബൈക്കിന്റെയും സീറ്റിനടിയിൽ, ഹെൽമറ്റിൽ, ഊരിയിട്ട ഷൂസിൽ എന്നുവേണ്ട നമ്മൾ ശ്രദ്ധിക്കാത്ത സ്ഥലങ്ങളിൽ പോലും പാമ്പുകളെ കണ്ടെത്തിയ സംഭവങ്ങൾ ഒട്ടേറെയാണ്. അതുകൊണ്ട് തന്നെ വാഹനങ്ങളിൽ കയറുന്നതിനു മുൻപു സീറ്റ് കവറുകളും മറ്റും പൊക്കി നോക്കി പാമ്പില്ലെന്ന് ഉറപ്പു വരുത്താം. മഴ പെയ്യുമ്പോൾ, അടുത്തു വാഹനങ്ങൾ ഉണ്ടെങ്കിൽ പാമ്പുകൾ അതിൽ കയറിക്കൂടാനിടയുണ്ട്. ഷൂസ് ധരിക്കും മുൻ‌പ് അകത്തേക്ക് ഒന്നു നോക്കണം. വീടിന്റെ നടവിരിയും പാമ്പുകളുടെ ഇഷ്ടതാവളമാണ്. കൂടാതെ ചകിരി കൂട്ടിയിടുന്ന സ്ഥലങ്ങൾ, വിറകുപുര എന്നിവിടങ്ങളിൽ പോകുമ്പോൾ പ്രത്യേക ശ്രദ്ധ വേണം. വീടിന്റെ പരിസരത്തു ചപ്പുചവറുകൾ കെട്ടിക്കിടക്കാതെ നോക്കേണ്ടതും പ്രധാനമാണ്.

രക്ഷാപ്രവർത്തകർ തയാർ

പാമ്പുകൾ മൂലം ജനങ്ങൾക്കു ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ വനംവകുപ്പ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. പാമ്പുകളെ പിടിക്കാൻ വനംവകുപ്പ് രക്ഷാപ്രവർത്തകരെ പരിശീലിപ്പിച്ചിട്ടുണ്ട്. വനപാലകരെ വിവരം അറിയിച്ചാൽ രക്ഷാപ്രവർത്തകരെത്തി പാമ്പുകളെ പിടികൂടും. സേവനം സൗജന്യമാണ്. സർപ്പ എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയും വിവരം കൈമാറാം. ജില്ലയിലാകെ ലൈസൻസ് ലഭിച്ച 38 രക്ഷാപ്രവർത്തകരുണ്ട്.

ഉടന്‍ ആശുപത്രിയിൽ എത്തിക്കുക

പാമ്പു കടിയേറ്റയാളെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുകയാണു ചെയ്യേണ്ടത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസർകോട്ടെ ഗവ.ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ പാമ്പുകടിയേറ്റാലുള്ള വിദഗ്ധ ചികിത്സ ലഭ്യമാണ്. ജില്ലയിലെ പ്രധാന സ്വകാര്യ-സഹകരണ ആശുപത്രികളിലും ഈ ചികിത്സയുണ്ട്. കടിയേറ്റ ഭാഗം കൂടുതൽ അനക്കാതിരിക്കുക. പാമ്പു കടിയേറ്റ ഭാഗത്തിനു മുകളിൽ മുറുക്കി കെട്ടുന്ന രീതിയുണ്ട്. അതു പാടില്ല. കെട്ടുന്നുണ്ടെങ്കിൽ തന്നെ ഒരു വിരൽ കടന്നുപോകുന്ന രീതിയിൽ അയഞ്ഞു കെട്ടുന്നതായിരിക്കും നല്ലത്. ആശുപത്രികളിൽ പോകുന്നതിനു മുൻപു അവിടെ ഫോണിൽ വിളിച്ചു ചികിത്സയുണ്ടോ എന്ന് ഉറപ്പാക്കിയാൽ സമയനഷ്ടം ഒഴിവാക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!