KSDLIVENEWS

Real news for everyone

കായൽ ടൂറിസം: സുരക്ഷാ അവലോകനയോഗം : വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് പ്രഥമപരിഗണന -ജില്ലാ കളക്ടർ

SHARE THIS ON

നീലേശ്വരം: വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായിരിക്കും ജില്ലാഭരണകൂടം പ്രഥമ പരിഗണന നൽകുകയെന്നും നിയമം ലംഘിക്കുന്ന ബോട്ടുകളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെ നടപടികളുണ്ടാകുമെന്നും കളക്ടർ കെ.ഇമ്പശേഖർ അറിയിച്ചു. കായൽ ടൂറിസവുമായി ബന്ധപ്പെട്ട് കോട്ടപ്പുറത്ത് ചേർന്ന ജില്ലയിലെ വഞ്ചിവീട് ഉടമകളുടെ യോഗത്തിലാണ് കളക്ടർ സുരക്ഷ സംബന്ധിച്ച് നിർദേശം നൽകിയത്.


നിലവിൽ ലൈസൻസ് ലഭിക്കാത്ത 23 ബോട്ടുകളുണ്ട്. അവ ലൈസൻസ് ലഭിക്കുന്നതുവരെ പ്രവർത്തിക്കരുത്. ലൈസൻസില്ലാത്ത ബോട്ടുകൾ പ്രവർത്തിപ്പിച്ചാൽ നടപടി സ്വീകരിക്കും. ലൈസൻസുള്ള ബോട്ടുകളിൽ സർക്കാർ അനുവദിച്ചതിൽ കൂടുതൽ ആളുകളെ കയറ്റരുത്. ബോട്ടുടമകൾ ആവശ്യപ്പെട്ട വിവിധ കാര്യങ്ങളിൽ സർക്കാരുമായി ബന്ധപ്പെട്ട് പരിഹാരമാർഗങ്ങൾ സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു.

ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ മുൻകൈയെടുത്താണ് യോഗം സംഘടിപ്പിച്ചത്. ജില്ലയിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമായ വഞ്ചിവീട് വ്യവസായം നേരിടുന്ന പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും യോഗത്തിൽ ചർച്ചയായി.


എ.ഡി.എം. ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ നവീൻ ബാബു, നീലേശ്വരം നഗരസഭാ വൈസ് ചെയർമാൻ പി.വി.മുഹമ്മദ് റാഫി, കണ്ണൂർ പോർട്ട് ഓഫീസർ ക്യാപ്റ്റൻ പ്രദീഷ് നായർ, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. പി.ബാലകൃഷ്ണൻ നായർ, ഫയർ സ്റ്റേഷൻ ഓഫീസർ എ.വി.പവിത്രൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ എം.ഹുസൈൻ, ഷംസുദ്ദീൻ അരാഞ്ചിറ, ഷഫീക്ക് കോട്ടപ്പുറം, കെ.ശിവദാസ് എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!