നാടുനീളെ തെരുവുനായ്ക്കൾ; ഭീതിയിൽ നാട്ടുകാരും കുട്ടികളും; കാഞ്ഞങ്ങാട്ട് ആറ് പേർക്ക് കടിയേറ്റു; ചിത്താരിയിൽ 10 കോഴികളെ കൊന്നു

കാഞ്ഞങ്ങാട്: നാടുനീളെ തെരുവുനായ്ക്കൾ വിഹരിക്കുന്നതുമൂലം ഭീതിയിലായി നാട്ടുകാരും കുട്ടികളും. ഒരേസമയം നാടിന്റെ എല്ലാ ഭാഗങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമാവുകയാണ്. കഴിഞ്ഞ നാലു ദിവസങ്ങൾക്കിടെ നിരവധി ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സൗത്ത് ചിത്താരിയിൽ ചൊവ്വാഴ്ച വീട്ടിലെ കോഴിക്കൂട് തകർത്ത് 10 കോഴികളെയാണ് നായ്ക്കൂട്ടം കൊന്നത്. അസീസ് അടുക്കത്തിന്റെ വീട്ടിലെ കോഴികളെയാണ് കൊന്നത്. ചിത്താരി ഭാഗങ്ങളിൽ ശല്യം അതിരൂക്ഷമാണെന്നും വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നത് പതിവാണെന്നും നാട്ടുകാർ പറഞ്ഞു. പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കാഞ്ഞങ്ങാട്ട് വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണം. പുതിയകോട്ട നിത്യാനന്ദ ആശ്രമ പരിസരത്തുവച്ച് ആറു പേരെ തെരുവ് നായ കടിച്ചുപരിക്കേൽപ്പിച്ചു. ആശ്രമം സന്ദർശിക്കാൻ എത്തിയവർക്കാണ് കടിയേറ്റത് . അരയിയിൽ ആടിനെ കടിച്ചു കൊന്നു. മറ്റൊരാടിനെ കടിച്ചു പരിക്കേൽപ്പിച്ചു. കാർത്തികയിലെ പി.പി. ദാമോദരെന്റ ആടിനെയാണ് കൊന്നത്. നാരായണിയുടെ ആടിനെയാണ് കടിച്ചത്.

