കെട്ടിടങ്ങളിൽ മതിയായ പാർക്കിങ്ങില്ല, വാഹനങ്ങൾ റോഡിൽ; കാസർകോട് നഗരത്തിൽ ഗതാഗത കുരുക്ക്

കാസർകോട്: വ്യാപാര സ്ഥാപനങ്ങളും മറ്റും പ്രവർത്തിക്കുന്ന കെട്ടിടങ്ങളിൽ വാഹന പാർക്കിങ് സൗകര്യം നിർബന്ധമാക്കി നഗരത്തിലെ വൻ ഗതാഗത കുരുക്ക് പരിഹരിക്കണമെന്ന ആവശ്യം ശക്തമായി. കാസർകോട് ടൗണിലും വിദ്യാനഗർ മുതൽ കറന്തക്കാട് വരെയുമാണ് കുരുക്ക് കൂടുതലായി അനുഭവിക്കുന്നത്. ദേശീയപാത വികസന പരിധിയിൽ അല്ലാത്ത കാസർകോട് ടൗണിലുൾപ്പെടെ അതത് കെട്ടിടങ്ങളിലെ വാഹനങ്ങൾ അടക്കം റോഡരികിലാണു നിർത്തിയിടുന്നത്. ചരക്കു കയറ്റിറക്ക് നടത്തുന്നതിനു വലിയ ലോറികൾ അടക്കം പാർക്ക് ചെയ്യുന്നത് നിശ്ചിത സമയത്തല്ല എന്ന പരാതിയും ഉയർന്നു. വഴിയോര കച്ചവടത്തിന് പ്രത്യേക സ്ഥല സൗകര്യം ഏർപ്പെടുത്തിയെങ്കിലും അത് ഫലപ്രദമായില്ല. വാഹനങ്ങൾ ഏറെയും നിശ്ചിത പാർക്കിങ് ഏരിയയ്ക്കു പുറത്താണ് നിർത്തിയിടേണ്ടി വരുന്നത്.
കുരുക്കിൽ ബസും ഓട്ടോകളും കൃത്യ സമയത്ത് സർവീസ് നടത്താൻ കഴിയുന്നില്ല
കുരുക്കിൽ പെട്ട് കൃത്യസമയത്ത് ബസുകൾ സർവീസ് പൂർത്തിയാക്കാൻ കഴിയുന്നില്ലെന്നാണ് ബസ് തൊഴിലാളികളുടെ പരാതി. ബസ് സ്റ്റാൻഡിലും മറ്റും ബസ് കാത്തു നിൽക്കുന്നവർക്കു ഇത് കാരണം നിശ്ചിത സമയത്ത് ബസ് കിട്ടുന്നില്ല. ബസ് ട്രിപ്പുകൾ കട്ടാകുന്നതും പതിവായി. ടൗണിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷ തൊഴിലാളികളെയും ഗതാഗത കുരുക്ക് സാരമായി ബാധിക്കുന്നുണ്ട്.
30 രൂപയുടെ ഓട്ടം പോയി വരാൻ ചില നേരങ്ങളിൽ മണിക്കൂർ തന്നെ വേണ്ടി വരുന്നു. ഗതാഗത കുരുക്ക് തുടരുന്ന സ്ഥലങ്ങളിൽ പലപ്പോഴും ഓട്ടോ ഡ്രൈവർമാർ സർവീസ് നടത്താൻ തയാറാകുന്നില്ല. ഇത് അവരുടെ വരുമാനത്തെ ബാധിക്കുക മാത്രമല്ല യാത്രക്കാർക്ക് നിശ്ചിത സമയം ലക്ഷ്യ സ്ഥാനത്ത് എത്താനും കഴിയുന്നില്ല. വഴിയോര വ്യാപാരവും നടപ്പാത കയ്യേറ്റവും കാരണം കാൽനട യാത്രികർക്കു പോലും യാത്ര റോഡിലിറങ്ങി വേണം എന്നതാണ് ടൗണിൽ പല ഇടങ്ങളിലെയും സ്ഥിതി. ഗതാഗത കുരുക്കിനിടയിൽ പെട്ട് ട്രാഫിക് പൊലീസും വിയർക്കുന്നു.
‘കെട്ടിടങ്ങൾ നിർമിക്കാനുള്ള അനുമതി കൊടുത്തപ്പോൾ അതിൽ രേഖപ്പെടുത്തിയ പാർക്കിങ് സ്ഥലം മറ്റു പല വ്യാപാര ആവശ്യങ്ങൾക്കും ആണ് ഉപയോഗിക്കുന്നത്. മുഴുവൻ കെട്ടിടങ്ങളും പരിശോധിച്ച് പാർക്കിങ് സ്ഥലം ഏതു ആവശ്യത്തിനാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി നടപടിയെടുക്കണം. വാഹനങ്ങൾ റോഡരികിലാണു നിർത്തിയിടുന്നത്. എല്ലാ സർവീസ് ബസുകളും നഗരം ചുറ്റണമെന്ന നിയമം മാറ്റണം. മധൂർ, തളങ്കര, കുമ്പള, തലപ്പാടി തുടങ്ങിയ ഭാഗത്തേക്കുള്ള ബസുകൾ മാത്രം ടൗണിലേക്ക് സർവീസ് അനുവദിക്കണം. വിദ്യാനഗർ മുതൽ ടൗണിലടക്കം ഇപ്പോഴുള്ള വാഹന പാർക്കിങ് നിരോധിക്കണം. പ്രശ്നം പരിഹരിക്കുന്നതിനു ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർക്കണം ’

