ഖത്തറില്‍ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ട്ട് ടൈം ജോലി ചെയ്യാം; അവസരമൊരുക്കി ജുസൂര്‍

ദോഹ: ഖത്തറിലെ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ട്ട് ടൈം ജോലി ചെയ്യാനും റസിഡന്റ് പെര്‍മിറ്റ് നീട്ടാനും അവസരമൊരുക്കി ഖത്തര്‍ മാൻപവര്‍ സൊലൂഷൻസ് കമ്ബനി (ജുസൂര്‍).
വിദ്യാര്‍ത്ഥികളുടെ ഉന്നമനം ലക്ഷ്യം വെച്ചാണ് കമ്ബനി പുതിയ തീരുമാനമെടുത്തിരിക്കുന്നത്.
ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍വകലാശാല അല്ലെങ്കില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് അടുത്തിടെ ബിരുദമെടുത്തവരും സര്‍വകലാശാലയുടേയോ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെയോ സ്പോണ്‍സര്‍ഷിപ്പോടെ ഖത്തറില്‍ നിയമപരമായി താമസിക്കുന്നവരും 18 വയസിനും 28 വയസിനും ഇടയിലുമുള്ള പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ജുസൂര്‍ വഴി പാര്‍ട് ടൈം ആയി ജോലി ചെയ്യാൻ സാധിക്കുക. https://www.jusour.qa/programs എന്ന ജുസൂര്‍ വെബ്സൈറ്റിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി കണ്ടെത്താൻ സാധിക്കും.
വിവിധ കമ്ബനികള്‍ക്ക് ഇതിനായി തൊഴില്‍ അവസരങ്ങള്‍ പോര്‍ട്ടലില്‍ പ്രസിദ്ധപ്പെടുത്താൻ കഴിയുമെന്ന് ജുസൂര്‍ ഓപ്പറേഷൻസ് ഇൻസ്റ്റിറ്റ്യൂഷണല്‍ സപ്പോര്‍ട്ട് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഇബ്രാഹിം അബ്ദുല്ല അല്‍ മുല്ല പറഞ്ഞു. ജുസൂര്‍ പോര്‍ട്ടലിലൂടെ തന്നെ ബിരുദധാരികള്‍ക്ക് വീസ നീട്ടാനും അപേക്ഷ നല്‍കാൻ സാധിക്കും. തൊഴില്‍ മന്ത്രി ഡോ.അലി ബിൻ സമൈക് അല്‍മാരിയാണ് ജുസൂറിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാൻ.

