കാലവർഷക്കെടുതി: ജില്ലയിലെ ദുരിതമേഖലകൾ സന്ദർശിച്ച് ദുരന്തനിവാരണ അതോറിറ്റി

മാലോം/വലിയപറമ്പ് : ജില്ലയിൽ കാലവർഷക്കെടുതിയിൽ നാശനഷ്ടം സംഭവിച്ച മാലോം, വലിയപറമ്പ് പ്രദേശങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ഡോ.ശേഖർ എൽ കുര്യാക്കോസ് സന്ദർശിച്ചു. കനത്ത മഴയിൽ മാലോത്ത് വില്ലേജിലെ ചെറുവീട്ടിൽ കാവേരിയുടെ വീടിനു സമീപം മണ്ണിടിഞ്ഞ പ്രദേശമാണ് ആദ്യം സന്ദർശിച്ചത്. വീട് നിൽക്കുന്ന ഭാഗം സുരക്ഷിതമല്ലെന്നും പ്രദേശത്ത് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ വീട്ടിൽ താമസിക്കാനാവില്ലെന്നും കണ്ടെത്തി.
വീട്ടിലുണ്ടായിരുന്ന രണ്ട് കുടുംബങ്ങളും നിലവിൽ ബന്ധുവീട്ടിലാണ് കഴിയുന്നത്. ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ച് കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി വെള്ളരിക്കുണ്ട് തഹസിൽദാറോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. ബന്ധുവീടുകളിൽ കഴിയുന്ന കാവേരിക്കും മകനും അടിയന്തരമായി വീട് നിർമിച്ചു നൽകണമെന്ന് സ്ഥലം സന്ദർശിച്ച കലക്ടർ കെ.ഇമ്പശേഖർ തഹസിൽദാർക്കും പഞ്ചായത്ത് പ്രസിഡന്റിനും നേരത്തെ നിർദേശം നൽകിയിരുന്നു. ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.രാധാമണി, വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി.മുരളി, മാലോം വില്ലേജ് ഓഫിസർ ഏലിയാസ്, ഹസാർഡ് അനലിസ്റ്റ് പ്രേംജി പ്രകാശ്, ഡിഎം പ്ലാൻ കോഓർഡിനേറ്റർ അഹമ്മദ് ഷെഫീഖ് എന്നിവരും കൂടെയുണ്ടായിരുന്നു.
വലിയപറമ്പ പഞ്ചായത്തിൽ രൂക്ഷമായ കടലാക്രമണം നേരിട്ട വലിയപറമ്പ ബീച്ച് പരിസരം, കന്നുവീട് കടപ്പുറം എന്നിവിടങ്ങളിലും സന്ദർശനം നടത്തി. തീരശോഷണം ഉൾപ്പെടെയുള്ള ദുരന്തങ്ങൾ നേരിടുന്നതിന് സ്വീകരിക്കാവുന്ന ദീർഘകാല നടപടികളെ കുറിച്ച് അദ്ദേഹം അഭിപ്രായങ്ങൾ പങ്കുവച്ചു. തീരദേശ ജനതയെ പുനരധിവസിപ്പിക്കുന്നതിന്റെ സാധ്യതകൾ ആരാഞ്ഞു.
`കാലവർഷത്തിൽ കടുത്ത ദുരിതം നേരിടുന്ന പഞ്ചായത്താണ് വലിയപറമ്പ്. വലിയപറമ്പ പഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവൻ, വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ ഖാദർ പണ്ട്യാല, ഹൊസ്ദുർഗ് തഹസിൽദാർ എൻ.മണിരാജ്, പഞ്ചായത്ത് സെക്രട്ടറി എം.പി.വിനോദ് കുമാർ, വലിയപറമ്പ വില്ലേജ് ഓഫിസർ അഭിലാഷ്, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഹസാർഡ് അനലിസ്റ്റ് പ്രേംജി പ്രകാശ്, ഡി.എം പ്ലാൻ കോഓർഡിനേറ്റർ അഹമ്മദ് ഷെഫീഖ് എന്നിവരും ഒപ്പമുണ്ടായിരുന്നു. കലക്ടർ കെ.ഇമ്പശേഖറുമായി ജില്ലയിലെ കാലവർഷക്കെടുതികൾ ചർച്ച ചെയ്തതിന് ശേഷമാണ് ശേഖർ എൽ കുര്യാക്കോസ് പ്രദേശങ്ങൾ സന്ദർശിച്ചത്. അസിസ്റ്റന്റ് കലക്ടർ ദിലീപ് കെ കൈനിക്കരയും ചർച്ചയിൽ പങ്കെടുത്തു.

