KSDLIVENEWS

Real news for everyone

ട്രെയ്നിന് നേരെ കല്ലേറ്; മാതാവിനൊപ്പം മംഗ്‌ളൂറിലേക്ക് കോളജില്‍ ചേരാന്‍ പോവുകയായിരുന്ന വിദ്യാര്‍ഥിക്ക് പരുക്ക്;

SHARE THIS ON

മേല്‍പറമ്പ്: ട്രെയിനിന് നേരെയുണ്ടായ കല്ലേറിനെ തുടര്‍ന്ന്, മാതാവിനൊപ്പം മംഗ്‌ളൂറിലേക്ക് കോളജില്‍ ചേരാന്‍ പോവുകയായിരുന്ന വിദ്യാര്‍ഥിയുടെ കാലിന് പരുക്കേറ്റു. മടിക്കയിലെ പി അഭിരാമിനാണ് (18) കാലിന് പരുക്കേറ്റത്. മംഗ്‌ളുറു ശ്രീനിവാസ കോളജില്‍ ചേരാനായി പോവുന്നതിന് ചെന്നൈ – മംഗ്‌ളുറു മെയിലില്‍ കാഞ്ഞങ്ങാട്ട് നിന്ന് കയറിയതായിരുന്നു അഭിരാം. ജെനറല്‍ കോചില്‍ നില്‍ക്കുന്നതിനിടെയാണ് കീഴൂരില്‍ വെച്ച്, കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളില്‍ ഒരാള്‍ കല്ലെറിഞ്ഞതെന്ന് അഭിരാം മേല്‍പറമ്പ് പൊലീസിന് മൊഴി നല്‍കി. ചൊവ്വാഴ്ച രാവിലെ 10.45 മണിയോടെയായിരുന്നു സംഭവം. പരുക്കേറ്റ അഭിരാം കാസര്‍കോട്ടെ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം പിന്നീട് മംഗ്‌ളൂറിലേക്ക് യാത്ര തുടര്‍ന്നു. മംഗ്‌ളുറു ശ്രീനിവാസ കോളജില്‍ ഹോടെല്‍ മാനജ്മെന്റ് കോഴ്‌സിനാണ് യുവാവ് ചേര്‍ന്നത്. പൊലീസ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മൊഴി നല്‍കാനായി വിദ്യാര്‍ഥിയും മാതാവും ബുധനാഴ്ച രാവിലെ മേല്‍പറമ്പ് പൊലീസില്‍ എത്തിയിട്ടുണ്ട്. ഇതിനുമുമ്പും കോട്ടിക്കുളം, കീഴൂര്‍, ചിത്താരി ഭാഗങ്ങളില്‍ വെച്ച് ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു. നേരത്തെ കോട്ടിക്കുളത്ത് കോണ്‍ക്രീറ്റ് ഘടിപ്പിച്ച ഇരുമ്പുപാളി റെയില്‍ പാളത്തില്‍ വെച്ചതിന് ആക്രി സാധങ്ങള്‍ എടുക്കുന്ന തമിഴ് നാട്ടുകാരിയായ കനകവല്ലിയെ (22) ആര്‍പിഎഫും റെയില്‍വേ പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. ട്രെയിന്‍ അട്ടിമറിയെന്ന് വരെ സംശയിച്ചിരുന്ന ഈ സംഭവത്തിന് ശേഷം പൊലീസും ആര്‍പിഎഫും സംയുക്തമായി പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിരുന്നുവെങ്കിലും പിന്നീട് എല്ലാം പഴയപടിയിലേക്ക് മാറി. ട്രെയിനില്‍ പൊലീസിന്റെ സാന്നിധ്യം ഉണ്ടെങ്കിലും പലപ്പോഴും കല്ലെറിയുന്നവരെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. സ്ഥിരമായി കല്ലേറുണ്ടാകുന്ന ഭാഗങ്ങളില്‍ സിസിടിവി സ്ഥാപിക്കാനുള്ള നിര്‍ദേശം ഉയര്‍ന്നുവെങ്കിലും അത് നടപ്പിലായില്ല. ട്രെയിനില്‍ തന്നെ സിസിടിവി സ്ഥാപിക്കാനും റെയില്‍വേ ആലോചിച്ചിരുന്നു. എന്നാല്‍ ഇത് പ്രയോഗത്തില്‍ വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!