KSDLIVENEWS

Real news for everyone

ഹരിയാണയിലെ നൂഹില്‍ കുടിയേറ്റക്കാര്‍ക്കുനേരെ ബുള്‍ഡോസര്‍ നടപടി; ഭൂമി കൈയേറിയതിനെന്ന് വാദം

SHARE THIS ON

ന്യൂഡല്‍ഹി: ഹരിയാണയില്‍ സംഘര്‍ഷ ബാധിത ജില്ലയില്‍ സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ നടപടി. നൂഹില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ടൗറുവിലെ കുടിയേറ്റക്കാരുടെ 250 കുടിലുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി. സര്‍ക്കാര്‍ ഭൂമി കൈയടക്കിയതിനെതിരേയാണ് നടപടി. ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറാണ് നടപടിക്ക്‌ ഉത്തരവിട്ടത്. സംസ്ഥാനത്തുണ്ടായ കലാപത്തില്‍ കുടിയേറ്റക്കാര്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറും ജില്ലാ ഭരണകൂടവും ആരോപിച്ചിരുന്നു. അതിനാല്‍ത്തന്നെ ബുള്‍ഡോസര്‍ നീക്കം, കലാപകാരികള്‍ക്കെതിരെയുള്ള നടപടിയായാണ് വിലയിരുത്തുന്നത്. പോലീസ്, പാരാമിലിട്ടറി വിഭാഗങ്ങളെയടക്കം വിന്യസിച്ച് വന്‍ സുരക്ഷയൊരുക്കിയാണ് പൊളിക്കല്‍ നടത്തിയത്. ബംഗ്ലാദേശില്‍നിന്ന് അനധികൃതമായി അസമിലേക്ക് കുടിയേറിയ സംഘം, അവിടെനിന്ന് ഹരിയാണയിലേക്ക് മാറി അര്‍ബന്‍ അതോറിറ്റിയുടെ ഭൂമിയില്‍ കുടിലുകെട്ടി താമസിച്ചുവരികയായിരുന്നു. ഒരേക്കറോളം വരുന്ന സ്ഥലത്ത് 250 കുടിലുകളിലായി കഴിഞ്ഞ നാലുവര്‍ഷമായി ഇവര്‍ താമസിച്ചുവരികയായിരുന്നു. നൂഹ് ജില്ലയിലുണ്ടായ കലാപത്തില്‍ ആറുപേരാണ് കൊല്ലപ്പെട്ടത്. വിശ്വ ഹിന്ദു പരിഷത്തിന്റെ ഘോഷയാത്ര തടയാന്‍ ഒരുവിഭാഗം നടത്തിയ ശ്രമമാണ് കലാപത്തിലേക്ക് നയിച്ചത്. പിന്നീട് കൊലപാതകങ്ങളും കടകളും വാഹനങ്ങളും തീയിട്ടു നശിപ്പിക്കലും അടക്കമുള്ളവ അരങ്ങേറി. സംഭവത്തില്‍ 176 പേര്‍ക്കെതിരേ കേസെടുക്കുകയും 90 പേരെ ജയിലിലടയ്ക്കുകയും ചെയ്തു. 41 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!