മണിപ്പുര്‍: മൂന്നുപേര്‍കൂടി വെടിയേറ്റുമരിച്ചു, പുലര്‍ച്ചെ ആക്രമിക്കപ്പെട്ടത് ഉറങ്ങിക്കിടന്നവര്‍

ഇംഫാല്‍: മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. ബിഷ്ണുപുരിലുണ്ടായ വെടിവെപ്പില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. ബിഷ്ണുപുര്‍ ജില്ലയിലെ ക്വാക്തയ്ക്ക് സമീപം പുലര്‍ച്ചെ രണ്ടു മണിയോടെയാണ് വെടിവെപ്പുണ്ടായത്. നിരായുധരായ ഗ്രാമീണര്‍ക്കുനേരെ ആയുധധാരികള്‍ വെടിയുതിര്‍ത്തു എന്നാണ് പുറത്തുവരുന്ന വിവരം. മെയ്തി വിഭാഗത്തില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരിൽ രണ്ടു പേർ അച്ഛനും മകനുമാണ്. ഇവരുടെ അയൽവാസിയാണ് കൊല്ലപ്പെട്ട മൂന്നാമൻ. ബഫര്‍ സോണ്‍ മേഖല കടന്നാണ് അക്രമികള്‍ ഗ്രാമത്തിലെത്തിയത്. കേന്ദ്രസേനയുടെ ഉൾപ്പടെ കാവലേർപ്പെടുത്തിയ അതീവ സുരക്ഷാമേഖലയായ ബഫർ സോണിലൂടെയാണ് അക്രമികളെത്തിയത് എന്നത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഉറങ്ങിക്കിടക്കുകയായിരുന്ന ഗ്രാമീണർക്കു നേരെയാണ് അക്രമികൾ വെടിയുതിർത്തത്. പിന്നീട് വാളുപയോഗിച്ച് വെട്ടിമുറിവേൽപ്പിക്കുകയും ചെയ്തു. ചുരചന്ദ്പുരിൽ നിന്നാണ് അക്രമികളെത്തിയതെന്നാണ് സൂചന. അതിനിടെ കുകികളും കേന്ദ്രസേനയുമായി ശക്തമായ ഏറ്റുമുട്ടലുണ്ടായി. നിരവധി കുകി വിഭാഗക്കാരുടെ വീടുകള്‍ അഗ്നിക്കിരയാകുകയും ചെയ്തു. ക്വാക്ത പ്രദേശത്താകെ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സംഘര്‍ഷം വീണ്ടും രൂക്ഷമായതോടെ ഇംഫാല്‍ ഈസ്റ്റ്, വെസ്റ്റ് ജില്ലകളിലെ കര്‍ഫ്യൂ ഇളവുകള്‍ അധികൃതര്‍ പിന്‍വലിച്ചു. കലാപത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കൂട്ടമായി സംസ്കരിക്കുന്നതിനെതിരെ കാങ്വായി ഫൗഗാക്ചോ പ്രദേശങ്ങളില്‍ പ്രതിഷേധം നടത്തിയവര്‍ക്കു നേരെ പോലീസ് കണ്ണീര് വാതകം പ്രയോഗിക്കുകയും ചെയ്തു. 25 പേരിലധികം പേർക്കാണ് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റത്. കഴിഞ്ഞ ദിവസം ബിഷ്ണുപുരിലെ ഇന്ത്യ റിസര്‍വ് ബെറ്റാലിയന് (ഐ.ആര്.ബി) ആസ്ഥാനത്തേക്ക് അതിക്രമിച്ചുകടന്ന ജനക്കൂട്ടം എ.കെ 47 തോക്കുകള്‍ അടക്കമുള്ള നിരവധി ആയുധങ്ങളും 19,000 വെടിയുണ്ടകളും അപഹരിച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.ഇംഫാലിലുള്ള മറ്റ് ആയുധശാലകളില്‍നിന്നും ആയുധങ്ങള്‍ കവരാന്‍ ശ്രമം നടന്നുവെങ്കിലും സുരക്ഷാസേന അവ പരാജയപ്പെടുത്തിയിരുന്നു. എ.കെ 47 തോക്കുകള്‍, ചേതക് റൈഫിളുകള്‍ പിസ്റ്റളുകള്‍ എന്നിവയ്ക്ക് പുറമെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും ഗ്രനേഡുകളും അടക്കമുള്ളവ അപഹരിക്കപ്പെട്ടുവെന്നാണ് വിവരം. സുരക്ഷാസേനകളുടെ ആയുധങ്ങള്‍ മുന്‍പും വന്‍തോതില്‍ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. മോഷ്ടിച്ച ആയുധങ്ങളുമായാണ് അക്രമികള്‍ ഗ്രാമങ്ങള്‍ ആക്രമിച്ചതെന്ന വെളിപ്പെടുത്തലുകളും പുറത്തുവന്നിരുന്നു. മണിപ്പുരില്‍ മെയ് മൂന്നിന് തുടങ്ങിയ അക്രമ സംഭവങ്ങളില്‍ ഇതുവരെ 160-ലധികം പേര്‍ക്കാണ് ജീവന് നഷ്ടമായത്.

