KSDLIVENEWS

Real news for everyone

മണിപ്പുർ ചർച്ചചെയ്യാൻ പ്രതിപക്ഷം ആഗ്രഹിക്കുന്നില്ല, സഭയിൽനിന്ന് ഓടിയൊളിച്ചു: നരേന്ദ്ര മോദി

SHARE THIS ON

കൊൽക്കത്ത∙ മണിപ്പുർ വിഷയത്തിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിച്ചത് രാഷ്ട്രീയ താല്‍പര്യം മുൻനിർത്തിയാണെന്നും അവർക്ക് ജനങ്ങളുടെ വേദന അറിയില്ലെന്നും മോദി കുറ്റപ്പെടുത്തി. ബംഗാളിലെ ബിജെപിയുടെ ക്ഷത്രീയ പഞ്ചായത്തി രാജ് പരിഷത്തിൽ വിഡിയോ കോൺഫറൻസിങ്ങിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ‘‘പ്രതിപക്ഷത്തിന് മണിപ്പുരിലെ ജനങ്ങളുടെ വേദന അറിയില്ല. അവർക്കിതു വെറും രാഷ്ട്രീയം മാത്രമാണ്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അവിശ്വാസപ്രമേയത്തിലേക്കു നീങ്ങിയത്. മണിപ്പുരിലെ ജനങ്ങളെ അവർ വഞ്ചിക്കുന്നത് ദൗർഭാഗ്യകരമാണ്. പാർലമെന്റ് തുടങ്ങുന്നതിനു മുൻപ് തന്നെ മണിപ്പുർ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതിപക്ഷത്തിന് കത്ത് നൽകിയിരുന്നു. എന്നാലത് സംഭവിച്ചില്ല. മണിപ്പുർ ചർച്ച ചെയ്യാൻ പ്രതിപക്ഷം തയാറായില്ല. ചർച്ചയെക്കാളും അവിശ്വാസപ്രമേയത്തിനാണ് അവർ മുൻഗണന നൽകിയത്. പ്രതിപക്ഷം പാർലമെന്റിൽനിന്ന് ഇറങ്ങിയോടുന്നത് രാജ്യം മുഴുവൻ കണ്ടതാണ്’’– നരേന്ദ്ര മോദി പറഞ്ഞു അവിശ്വാസപ്രമേയത്തിലൂടെ പ്രതിപക്ഷം കേവലം ആരോപണം മാത്രമാണ് ഉന്നയിച്ചത്. ഒരു യുക്തിയുമില്ലാതെയാണ് അവർ സംസാരിച്ചതെന്നും മോദി കുറ്റപ്പെടുത്തി. ‘‘രാജ്യത്തെ 140 കോടി ജനങ്ങളുടെ അനുഗ്രഹത്തോടെ ഞങ്ങൾ‌ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ പരാജയപ്പെടുത്തി, രാജ്യമെമ്പാടും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് ഉചിതമായ മറുപടി നൽകി. പ്രതിപക്ഷ അംഗങ്ങൾ  പാതിവഴിയിൽ പാർലമെന്റ് നടപടികൾ അവസാനിപ്പിച്ചു. അവിശ്വാസ പ്രമേയത്തിൽ വോട്ട് ചെയ്യാൻ അവർ ഭയപ്പെട്ടിരുന്നു എന്നതാണ് സത്യം’’ – മോദി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!